തൃശൂര്‍: ജാത്യാധിഷേപം നേരിട്ട മോഹിനിയാട്ട നർത്തകൻ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെ ക്ഷണിച്ച് കൂത്തമ്പലത്തിൽ മോഹിനിയാട്ടത്തിന് അവസരമൊരുക്കി കലാമണ്ഡലം വിദ്യാർഥിയൂണിയൻ. കലാമണ്ഡലത്തിൽ ചിലങ്ക കെട്ടിയാടാനായത് സ്വപ്ന സാക്ഷാത്കാരമെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.
കലാമണ്ഡലത്തിലെ അധ്യാപകരും വിദ്യാർഥിക്കും കലാസ്വാദകരുമടങ്ങുന്ന സദസ്സിന് മുന്നിലാണ് മോഹിനിയാട്ടത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ ചുവടുവെച്ചത്. കൂത്തമ്പലത്തിൽ ചിലങ്ക കെട്ടണമെന്ന രണ്ടു പതിറ്റാണ്ടായുള്ള രാമകൃഷ്ണന്‍റെ മോഹ പൂർത്തീകരണം കൂടിയായിരുന്നു അര മണിക്കൂർ നീണ്ടു നിന്ന കൈരളി നൃത്താവതരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടവുകൾ കോർത്തിണക്കിയ നൃത്തരൂപത്തോടെ തുടക്കം. ഗണപതി സ്തുതിക്കുശേഷം മോഹിനിയാട്ടത്തിലെ വർണ്ണവും കീർത്തനവുമാണ് രാമകൃഷ്ണൻ ആടിയത്. രാവണൻ എന്ന ആദ്യ ഭാഗവും ജഡായു മോക്ഷമെന്ന രണ്ടാം ഭാഗവും രാമകൃഷ്ണൻ തന്നെയാണ് ചിട്ടപ്പെടുത്തിയത്. കലാമണ്ഡലത്തിൽ നിന്നും എം ഫില്ലും പി എച്ച് ഡിയും നേടിയ രാമകൃഷ്ണൻ, പതിനഞ്ച് കൊല്ലമായി അധ്യാപകനായും നർത്തകനായും കലാ രംഗത്തുണ്ട്.
ആൺകുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാനായി കലാമണ്ഡലത്തിന്‍റെ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷയെന്നും രാമകൃഷ്ണൻ പറഞ്ഞു. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തിന് പിന്നാലെ കലാമണ്ഡലം വിദ്യാർഥി യൂണിയനാണ് കൂത്തമ്പലത്തിൽ വേദി ഒരുക്കിയത്. കലാമണ്ഡലം വിസിയും രജിസ്ട്രാറും ഉൾപടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നൃത്താവതരണം.