തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വിളയാട്ടവും ഒടുവിൽ സംസ്ഥാനത്തെ പൊലീസിനെ വെട്ടിലാക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം തെരുവുനായ്ക്കളുടെ സംരക്ഷണവും പൊലീസ് ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി നല്കിയ നിർദ്ദേശം സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലുമെത്തിയിട്ടുണ്ട്.
ഇക്കാര്യത്തിൽ പൊലീസുകാർക്കിടയിൽ അമർഷം പുകയുകയാണ്. തെരുവുനായ്ക്കളുടെ കടിയേറ്റു കുട്ടികൾ ഉൾപ്പെടെയുള്ളയവർക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യത്തിൽ പലയിടത്തും തെരുവുനായകളെ ആളുകൾ ആക്രമിക്കുന്ന സാഹചര്യത്തിലാണ് കോടതി ഈവിഷയത്തിൽ ഇടപെട്ടത്. തെരുവുനായ്ക്കളെ കൊല്ലുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും പലയിടങ്ങളിലും മിണ്ടാപ്രാണികൾക്കു നേരെ സംഘടിതമായ ആക്രമണം നടക്കുന്നുണ്ട്. ഇതു കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് മേധാവിയുടെ സർക്കുലർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമലംഘനമാണെന്നും അവയെ കൊലപ്പെടുത്തുയോ ഉപദ്രവിക്കുയോ ചെയ്യുന്നത് ജനം സ്വയം നിയമം കൈയിലെടുക്കുന്നതിന് തുല്യമാണെന്നും സർക്കുലറിൽ പറയുന്നു. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാർ റസിഡന്റ്സ് അസോ. മുഖേനെ ജനങ്ങളെ നിയമത്തെ കുറിച്ചു ബോധവൽക്കരിക്കണമെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം സംസ്ഥാനത്തെ മിക്ക പൊലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരില്ലെന്നത് സേനയെ കുഴപ്പിക്കുന്നു. പല പൊലീസുകാരും അധികസമയവും ലീവെടുക്കാതെയുമാണ് ജോലി ചെയ്യുന്നത്. ഇതിനൊപ്പം തെരുവുനായകളുടെ സംരക്ഷണവും ഏറ്റെടുക്കേണ്ടി വരുന്നത് പൊലിസുകാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ടെന്നാണ് പരാതി. ക്രമസമാധാനം, വി.ഐ.പികളുടെ സുരക്ഷ, പ്രതികളെ കോടതിയിൽ ഹാജരാക്കൽ, കേസുകളുടെ അന്വേഷണം തുടങ്ങി നിരവധിയായ ഡ്യൂട്ടികൾക്കിടെയാണ് തെരുവുനായ്ക്കളുടെ സംരക്ഷണ പ്രവർത്തനവും ഏറ്റെടുക്കേണ്ടി വരുന്നത്.
നേരത്തെ റോഡിലെ കുഴി എണ്ണാൽ പൊലീസിനെ നിയോഗിച്ചത് വിവാദമായി മാറിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നിരിക്കുന്നത്. റോഡിലെ കുഴിയെണ്ണി പൊലീസ് റിപ്പോർട്ടും സമർപ്പിച്ചിരുന്നു. തെരുവുനായ്ക്കളുടെ സംരക്ഷണം കൂടാതെ നായ്ക്കളുടെ കടിയിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ കൂടി പൊലീസ് ഇടപെടേണ്ടി വരുമോ എന്നാണ് പൊലീസിന് സംശയം ഉയരുന്നത്.