തിരുവനന്തപുരം: നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ ആൽത്തറ – തൈക്കാട് റോഡ് വെള്ളിയാഴ്ച (2024 മെയ് 10) രാത്രി 10 മണി മുതൽ മെയ് 13 രാവിലെ ആറ് മണി വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വിശദാംശങ്ങൾ ഇങ്ങനെ.
ആൽത്തറ – തൈക്കാട് സ്മാർട്ട് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വഴുതക്കാട് – സാനഡു റോഡിലും സാനഡു ജംഗ്ഷനിൽ കൂടിയും വാഹന ഗതാഗതം പൂർണ്ണമായും വിലക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, വഴുതക്കാട് ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ് ഭാഗങ്ങളിൽ നിന്നും സാനഡു ഭാഗത്തേയ്ക്കും ഡി.പി.ഐ ഭാഗത്ത് നിന്നും സാനഡു ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല.
വെള്ളയമ്പലം ഭാഗത്ത് നിന്നും ശ്രീമൂലം ക്ലബ്, വഴുതക്കാട് ഭാഗത്തേയ്ക്കും കെൽട്രോൺ, മാനവീയം, ആൽത്തറ ഭാഗത്തേയ്ക്കും വാഹന ഗതാഗതം അനുവദിയ്ക്കുന്നതല്ല. ശ്രീമൂലം ക്ലബ് ഭാഗത്ത് നിന്നും ആൽത്തറ വെള്ളയമ്പലം ഭാഗത്തേയ്ക്ക് മാത്രമേ വാഹന ഗതാഗതം അനുവദിക്കുകയുള്ളൂ.
മേട്ടുക്കട ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ ആൽത്തറ – തൈക്കാട് റോഡ് ഒഴിവാക്കി വെള്ളയമ്പലം, പാളയം, പനവിള, മോഡൽ സ്കൂൾ വഴി പോകേണ്ടതാണ്.
തിരുമല-പൂജപ്പുര ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ തിരുമല പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് പാങ്ങോട്, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്, ആൽത്തറ, കെൽട്രോൺ, മ്യൂസിയം, പാളയം വഴി പോകേണ്ടതാണ്.
പൂജപ്പുര, ഇടപ്പഴിഞ്ഞി ഭാഗത്ത് നിന്നും തമ്പാനൂർ, പാളയം ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ ജഗതി, ഡി.പി.ഐ, ഡാണാമുക്ക്, ഗസ്റ്റ് ഹൗസ്, സംഗീത കോളേജ്, മോഡൽ സ്കൂൾ വഴി പോകേണ്ടതാണ്.
ജഗതി ഭാഗത്ത് നിന്നും ശാസ്തമംഗലം വെള്ളയമ്പലം, പട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ജഗതി, ഇടപ്പഴിഞ്ഞി, കൊച്ചാർ റോഡ്, ശാസ്തമംഗലം, വെള്ളയമ്പലം വഴി പോകേണ്ടതാണ്.
വെള്ളയമ്പലം ഭാഗത്ത് നിന്നും ജഗതി, പൂജപ്പുര ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി വഴി പോകേണ്ടതാണ്.
വഴുതക്കാട്, ശ്രീമൂലം ക്ലബ്, ആൽത്തറ, ടാഗോർ തീയേറ്റർ, തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ റിസർബ് ബാങ്ക്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട് വഴി പോകേണ്ടതാണ്.