കൂരോപ്പട : നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ ചെമ്പരത്തിമൂട് – ഇടയ്ക്കാട്ടുകുന്ന്, കൂരോപ്പട – മാടപ്പാട്, കിസാൻ കവല – ഇടയ്ക്കാട്ടുകുന്ന് റോഡുകൾ തകർന്നു ; ജനരോഷം ശക്തമായി. കൂരോപ്പട ക്ഷേത്രം , ഇടയ്ക്കാട്ടുകുന്ന് പള്ളി, മാടപ്പാട് ക്ഷേത്രം , എസ്.എൻ പുരം ക്ഷേത്രം, ഇളങ്കാവ് ക്ഷേത്രം, ഗവ. വി.എച്ച്.എസ് സ്കൂൾ , കോത്തല എൻ.എസ്.എസ് ഹൈസ്കൂൾ, ആയൂർവ്വേദാശുപത്രി, ഇടയ്ക്കാട്ടുകുന്ന് മൃഗാശുപത്രി, കൃഷി ഭവൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകളാണ് ചെമ്പരത്തിമൂട് – ഇടയ്ക്കാട്ടുകുന്ന് റോഡും കിസാൻ കവല – ഇടയ്ക്കാട്ടുകുന്ന് റോഡ്, കൂരോപ്പട – മാടപ്പാട് റോഡുകൾ. ഈ റോഡുകൾ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് തകർന്ന് കിടന്നിട്ട് വർഷങ്ങളായി. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും എം.പി, എം.എൽ.എ , ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് വിവിധ സംഘടനകളും വ്യക്തികളും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
ഈ റോഡുകളിലൂടെ കാൽനടയാത്ര പോലും അസാധ്യമായിരിക്കുകയാണ്. ഓട്ടോ റിക്ഷായും ടാക്സികളും വരുന്നതിനും മടിക്കുകയാണ്. ജനങ്ങളുടെ ക്ലേശത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അനിൽ കൂരോപ്പട ആവശ്യപ്പെട്ടു. പഞ്ചായത്തിലെ തകർന്ന് കിടന്നിരുന്ന മറ്റ് റോഡുകൾ ടാറിംഗ് നടത്തിയും അറ്റകുറ്റ പണികൾ നടത്തിയും സഞ്ചാരയോഗ്യമാക്കിയിട്ടും ഈ റോഡുകളെ സർക്കാർ അവഗണിച്ചതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഉടൻ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രത്യക്ഷ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് അനിൽ കൂരോപ്പട പറഞ്ഞു.