തിരുവാർപ്പ്: പഞ്ചായത്തുകളിൽ പദ്ധതി വിഹിതം വർദ്ധിപ്പിക്കാത്തതും , റോഡ് മെയിന്റെനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതും , അനിവാര്യ പദ്ധതികളുടെ തുക വർദ്ധിപ്പിച്ചതും മൂലം പഞ്ചായത്തിലെ പശ്ചാത്തല മേഖലയിലെ റോഡ് നവീകരണമുൾപ്പെടെയുളള പദ്ധതികൾക്ക് ഫണ്ട് ഇല്ലാത്ത അവസ്ഥയിലാണ് . ഏകദേശം ആറ് ലക്ഷം രൂപയോളം ഓരോ വാർഡിലേയ്ക്കും റോഡ് നിർമ്മാണത്തിന് ലഭിച്ചു കൊണ്ടിരുന്ന സാഹചര്യം മാറി. കഴിഞ്ഞ വർഷം 40 ലക്ഷം രൂപ മാത്രമാണ് പഞ്ചായത്തിന് റോഡുകളുടെ മേഖലയ്ക്ക് ആകെ ലഭ്യമായത് . 18 വാർഡുകളുള്ള പഞ്ചായത്തിൽ ഈ തുക 5 ലക്ഷം വീതം 8 വാർഡുകളിലേയ്ക്ക് നൽകി . ഈ വർഷവും ലഭ്യമായ ഏകദേശം 45 ലക്ഷം രൂപ കഴിഞ്ഞ വർഷം ഫണ്ട് ലഭ്യമാകാത്ത വാർഡുകളിലേയ്ക്ക് മാത്രമായി നീക്കി വെച്ചിരിക്കുകയാണ് . റോഡ് മെയിന്റെനൻസ് ഗ്രാന്റ് ഇനത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിന് ബഡ്ജറ്റിൽ 1 കോടി 62 ലക്ഷം രൂപ വകയിരുത്തിയിരുന്നു . ഇതനുസരിച്ച് വർക്കിംങ്ങ് ഗ്രൂപ്പും , ഗ്രാമ സഭകളും , വികസന സെമിനാറും കഴിഞ്ഞ് അന്തിമ പദ്ധതി ആയി . ഓരോ വാർഡിലേയ്ക്കും 9 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി രൂപികരിച്ചത് . എന്നാൽ ഇപ്പോൾ പ്രസ്തുത തുക ഉടൻ ലഭ്യമാകില്ല എന്നാണ് അറിവായിരിക്കുന്നത് . ഇതിൽ 10 ലക്ഷം രൂപ മാത്രമാണ് ഇപ്പോൾ പഞ്ചായത്തിലേയ്ക്ക് ആകെ അനുവദിക്കപ്പെട്ടിട്ടുളളത്. മെമ്പർമാർ പലരും തുക ലഭ്യമായതും റോഡിന് പണം അനുവദിച്ചതുമൊക്കെ ഇനങ്ങളെ അറിയിക്കുകയും ചെയ്തു. കൂടാതെ ഒരു പരിധി വരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വാർഡിലെ നിരവധി റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ സെപ്റ്റമ്പറിന് ശേഷം ചെയ്ത തൊഴിലുറപ്പ് പ്രവ്യത്തികളുടെ തുക ലഭിക്കാത്തത് മൂലം കരാറുകാർ എഗ്രിമെന്റ് വെച്ച വർക്കുകൾ ആരംഭിക്കുന്നുമില്ല. ഏറ്റവും താഴെ പ്രവർത്തിക്കുന്ന മെമ്പർമാരാണ് ജനങ്ങളോട് മറുപടി പറയേണ്ടത് . പദ്ധതി വിഹിതത്തിൽ നിന്നും സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയ്ക്കായി 20 % നിർബന്ധമായി മാറ്റി വെയ്ക്കേണം . ബാക്കി തുക ഹഡ്കോയിൽ നിന്ന് വായ്പ എടുത്താണ് . അതിന്റെ തിരിച്ചടവ് ഉൾപ്പെടെ അനവധിയായ നിർബന്ധിത വകയിരുത്തലുകൾ കഴിഞാൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ പണം ഇല്ലാത്ത അവസ്ഥയാണ്. MLA , MP , ജില്ലാ , ബ്ളോക്ക് പഞ്ചായത്ത് മറ്റ് ഗവ: ഫണ്ട്കൾ ലഭ്യമാക്കി വാർഡിൽ വികസന പ്രവർത്തനങ്ങൾ നടത്തണം എന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും , അനിവാര്യ പദ്ധതികൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനെതിരെ കോൺഗ്രസ് സമരത്തിനൊരുങ്ങുകയാണ് . യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ റൂബി ചാക്കോ അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അംഗങ്ങളായ സുമേഷ് കാഞ്ഞിരം , മുരളി ക്യഷ്ണൻ , റേച്ചൽ ജേക്കബ് , ബുഷ്റ തൽഹത്ത് തുടങ്ങിയവർ പ്രസംഗിച്ചു.