പനച്ചിക്കാട് : പഞ്ചായത്തിന്റെ റോഡ് മെയിന്റനൻസ് ഗ്രാന്റ് 90 ലക്ഷം രൂപ സർക്കാർ വെട്ടിക്കുറച്ചു . ഒന്നരക്കോടി രൂപ വെട്ടിക്കുറച്ച് കഴിഞ്ഞ വർഷം തന്നെ പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കിയതിനെ തുടർന്നാണ് ഈ വർഷവും തുക കുറയ്ക്കുന്നത് . മാർച്ചിലെ ബജറ്റിൽ അനുവദിച്ചത് 3 കോടി രൂപയായിരുന്നു . 23 വാർഡുകൾക്കും ആനുപാതികമായി ഈ തുക വീതം വച്ച് റോഡ് പുനരുദ്ധാരണ പദ്ധതികൾക്ക് എസ്റ്റിമേറ്റും തയ്യാറാക്കി. ഭരണാനുമതി , സാങ്കേതികാനുമതി എന്നിവ വാങ്ങി ഇ- ടെണ്ടർ ചെയ്യുന്നതിനായി തയ്യാറെടുക്കുമ്പോഴാണ് എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്ന സർക്കാർ നിർദ്ദേശം ഓഗസ്റ്റ് ആദ്യം ലഭിച്ചത്. അതിനുശേഷം രണ്ടരമാസം തുടർനടപടി ഉണ്ടായില്ല.
ഒക്ടോബർ 19 ന് തുക വെട്ടിക്കുറച്ചതായി ഉത്തരവു വന്നു . നേരത്തെ തീരുമാനിച്ച റോഡ് പദ്ധതികളെല്ലാം പൊളിച്ചെഴുതേണ്ടിവരും. വീണ്ടും പുതുക്കിയ എസ്റ്റിമേറ്റ് എടുത്ത് അനുമതികളെല്ലാം വാങ്ങി വരുമ്പോൾ മാസങ്ങൾ പിന്നിടും . സാമ്പത്തികവർഷം അവസാനിക്കുന്ന മാസങ്ങളിൽ കൂടുതൽ ട്രഷറി നിയന്ത്രണങ്ങൾ സർക്കാർ കൊണ്ടുവരുന്നതു മൂലം കരാറുകാർ ഈ പ്രവൃത്തികൾ എറ്റെടുക്കില്ല. ഫലത്തിൽ പഞ്ചായത്തിന് അനുവദിച്ച ബാക്കി മെയിന്റനൻസ് ഗ്രാന്റ് പോലും ലാപ്സാകുന്ന അവസ്ഥയാണുണ്ടാകുവാൻ പോകുന്നത് . തുക അനുവദിച്ച് ആറുമാസം പിന്നിടുമ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ള ഈ നീക്കം നേരത്തെ തീരുമാനിച്ച പല റോഡ് പ്രവൃത്തികളും നടത്താനാവാതെ വരുമെന്ന് പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു. ജൽ ജീവൻ മിഷൻ പദ്ധതി ഏറ്റെടുത്തതിനാൽ കൂടുതൽ തുക റോഡുകൾക്ക് വേണ്ട സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ചട്ടിയിൽ സർക്കാർ തന്നെ മണ്ണുവാരിയിടുന്നതെന്നും റോയി മാത്യു ആരോപിച്ചു .