തൃശൂർ: തൃശൂർ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. റോഡിലെ കുഴികള്‍ മൂലം എന്തെങ്കിലും അപകടം സംഭവിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കുമെതിരെ ദുരന്തനിവാരണനിയമം 2005 ലെ സെക്ഷന്‍ 51 (ബി) പ്രകാരം നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
കുറ്റകരമായ അനാസ്ഥമൂലം അപകടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ബി.എന്‍.എസ് സെക്ഷന്‍ 125, 106 ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികളുമായി മുന്നോട്ട് പോകുന്നതിന് പോലീസിനും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ റോഡുകളിലെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി റോഡിലെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് ജനുവരി 16 നും ജൂണ്‍ 20 നും ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ സമിതി യോഗങ്ങളിലും 2024 ഡിസംബര്‍ 2 നും 2025 മാര്‍ച്ച് 13 നും ഏപ്രില്‍ 10 നും ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഇത് പല സ്ഥലങ്ങളിലും പാലിച്ചതായി കാണുന്നില്ല. റോഡിലെ കുഴികള്‍ മൂലം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ റോഡുകളിലെയും അപകടകരമായ രീതിയിലുള്ള കുഴികള്‍ അടച്ച് അപകടസാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.