പാലാ : വീടിന് സമീപം സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ സലിം ഖാൻ (36), ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഇബ്രാഹിം സർദാർ (28) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്. ഇവർ ഇരുവരും ചേർന്ന് ഭരണങ്ങാനം അലനാട് സ്വദേശിയുടെ വീടിന് സമീപം സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി ഇരുവരെയും റിമാൻഡ് ചെയ്തു.