മൂന്നാർ: കേരള – തമിഴ്നാട് അതിർത്തിയിലുള്ള കമ്പംമെട്ട് – കമ്പം അന്തർ സംസ്ഥാന റോഡിലെ അപകട വളവുകളില്‍ പുതിയ രീതിയിലുള്ള ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചു. റോളർ ക്രാഷ് ബാരിയർ എന്ന പേരിലുള്ളവയാണ് പുതിയ ക്രാഷ് ബാരിയറുകള്‍. കേരളത്തിലെ കൊടും വളവുകളും കുത്തിറക്കവും നിറഞ്ഞ പാതകള്‍ക്ക് അനുയോജ്യമായവയാണ് ഈ പുതിയ ഇനം ക്രാഷ് ബാരിയറുകളെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.
2015 ലെ ഇന്ത്യൻ റോഡ് കോണ്‍ഗ്രസ് നിർദ്ദേശം അനുസരിച്ചാണ് ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളിലെ അപകട വളവുകളില്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാൻ തുടങ്ങിയത്. ഗാർഡ് റെയിലിംഗ് എന്നു പേരുള്ള ഉരുക്കു കൊണ്ടുള്ള ക്രാഷ് ബാരിയറുകളാണ് കേരളത്തില്‍ സ്ഥാപിച്ചിട്ടുള്ളത്. നിയന്ത്രണം വിട്ട് ഇതില്‍ ഇടിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലിയ കേടുപടുകളുണ്ടാക്കുന്നുണ്ട്. ഇത് കുറക്കുന്നതിനാണ് റോളർ ക്രാഷ് ബാരിയറുകള്‍ കണ്ടു പിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോളിയൂറത്തൈൻ കൊണ്ടുള്ള റോളറുകളാണ് ഇതിനുപയോഗിക്കുന്നത്. കറങ്ങുന്ന റോളറുകള്‍ ഇടിക്കുന്ന വാഹനത്തെ തിരികെ റോഡിലേക്ക് എത്തിക്കും. കരുത്തുള്ള ബീമുകള്‍ വാഹനങ്ങളെ തടഞ്ഞുനിർത്തുന്നതിനാല്‍ താഴ്ചയിലേക്ക് മറിയാനുള്ള സാധ്യതയും കുറവാണ്. നിയന്ത്രണം വിട്ട് വരുന്ന വാഹനം ഈ ബാരിയറില്‍ ഇടിച്ചാല്‍ ക്രാഷ് ബാരിയറിന്റെ മധ്യ ഭാഗം കറങ്ങും. ഇത് വാഹനത്തിനും യാത്രക്കാരനുമുള്ള പരിക്കിന്റെ കാഠിന്യം കുറയ്ക്കും. വളവിനും ഇറക്കത്തിനും അനുസരിച്ച് മുപ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഒരു മീറ്ററിന് ചെലവ് വരിക. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രീതിയാണ് ഇതെന്നാണ് റോഡ് സുരക്ഷ വിദഗ്ദ്ധൻ ഉപേന്ദ്രനാരായണൻ വിശദമാക്കുന്നത്.