ചെറുകോൽപ്പുഴ : മതേതര കാഴ്ചപ്പാടിന്റെ വിളഭൂമിയാണ് ഭാരതവും കേരളവുമെന്നും ജനസംഖ്യാടിസ്ഥാനത്തിൽ രണ്ടാംസ്ഥാനത്തുള്ള ഭാരതത്തെ ചേർത്ത് നിറുത്തുന്നത് തത്വസംഹിതയിൽ അധിഷ്ഠിതമായ വിശ്വാസ പ്രമാണമാണന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൽ യുവജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്ത് 60 ശതമാനം യുവാക്കളാണ്. യുവജന സമ്ബത്തിനെ പ്രയോജനപ്പെടുത്താൻ കഴിയുന്ന പദ്ധതികളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടണം. സർക്കാർ ജോലി മാത്രം ലക്ഷ്യമിട്ട് പഠിക്കുന്ന കാലഘട്ടത്തിന് മാറ്റം വന്നു. യുവാക്കൾക്ക്
ദിശാബോധം നൽകാനുളള പരിശീലനം ആത്മീയതയിലൂടെ ലഭിക്കും. 2018 ലെ പ്രളയത്തിനു ശേഷം നദികളിൽ അടിഞ്ഞ എക്കലും ചെളിയും നീക്കം ചെയ്തതോടെ വെളളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യം ഒഴിവായി. നദികളിൽ ഒഴുക്ക് വർദ്ധിപ്പിക്കാനുളള ഒരു പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. നടപ്പ് സാമ്ബത്തിക വർഷത്തിൽ ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് യുവരാജ് ഗോകുൽ, ബ്രഹ്മചാരി ശിവാനന്ദ്, ഡി.രാജഗോപാൽ, ശ്രീജിത് അയിരൂർ എന്നിവർ പ്രസംഗിച്ചു.