കോയമ്ബത്തൂർ: നിയമലംഘനങ്ങളുടെ പേരില്‍ മോട്ടോർ വാഹന വകുപ്പിന്റെ നടപടികളാലും സോഷ്യല്‍ മീഡിയ ആരാധകരുടെ കൈയടികളിലും ശ്രദ്ധ നേടിയ വിവാദ സ്വകാര്യ ബസായ റോബിന് പൂട്ടിട്ട് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. ഓള്‍ ഇന്ത്യ പെർമിറ്റിന്റെ ബലത്തില്‍ പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് റോഡ് ടാക്സ് അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പിടിച്ചെടുത്തത്.
തന്റെ ബസിന് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെന്നും, അതുകൊണ്ടുതന്നെ നികുതി അടയ്ക്കില്ലെന്നുമുള്ള നിലപാടാണ് റോബിൻ ബസിന്റെ ഉടമയായ ഗിരീഷ് സ്വീകരിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നടപടികള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് ഗിരീഷ് പറഞ്ഞത്. പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള സർവീസിനിടെ കോയമ്ബത്തൂരില്‍ വെച്ചാണ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയില്‍ എടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റില്‍ കോയമ്ബത്തൂർ ബോർഡ് വെച്ച് സ്റ്റാന്റുകള്‍ തോറും കയറി ഇറങ്ങി ആളുകളെ എടുത്ത് സർവീസ് നടത്തിയതിന് പിഴ ഉള്‍പ്പെടെയുള്ള നടപടികളാണ് ഈ ബസ്സിനെതിരെ സ്വീകരിച്ചിട്ടുള്ളത്. കേരള മോട്ടോർ വാഹന വകുപ്പിനെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തിയ പ്രസ്താവനകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗത്തിന്റെ കൈയടി നേടിയിട്ടുള്ള വ്യക്തിയാണ് റോബിൻ ബസ് ഉടമ.
മുമ്ബും തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ഈ ബസിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാര്യേജ് ബസായി ഓടിയതിനുള്ള പിഴയും നികുതിയും ഉള്‍പ്പെടെ 70410 രൂപയാണ് തമിഴ്നാട് സർക്കാർ മുമ്ബ് പിഴയിട്ടിട്ടുള്ളത്. പെർമിറ്റ് ലംഘനത്തിന്റെ പേരില്‍ കേരളത്തിലും റോബിൻ ബസ് പിടിച്ചെടുത്തിട്ടുണ്ട്. പിന്നീട് ഈ വിഷയം കോടതിക്ക് മുന്നില്‍ എത്തുകയും 82,000 രൂപ പിഴയൊടുക്കി കോടതി വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
നേരത്തെ റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌ആർടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഓള്‍ ഇന്ത്യ പെർമിറ്റ് ചട്ടങ്ങള്‍ പ്രകാരം സർവീസ് നടത്താനും ബോർഡ് വച്ച് ആളെ കയറ്റാനും അവകാശമുണ്ടെന്നായിരുന്നു റോബിൻ ബസ് ഉടമ പറഞ്ഞിരുന്നത്. റോബിൻ ബസ് നടത്തുന്നത് പെർമിറ്റ് ലംഘനമാണ് എന്ന് സർക്കാരും എംവിഡിയും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഒന്നിലധികം സംസ്ഥാനങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൂട്ടത്തോടെ കൊണ്ടുപോകാനുള്ളതാണ് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ്. റൂട്ട്, യാത്രാസമയം, എന്നിവ പ്രദർശിപ്പിച്ച് യാത്രക്കാർക്ക് പ്രത്യേകം ടിക്കറ്റ് നല്‍കി റൂട്ട് സർവീസ് പോലെ ഓടുന്നത് നിയമലംഘനമാണെന്ന് ഹൈക്കോടതി വിധിയുമുണ്ട്. പെർമിറ്റ് ലംഘനം നടത്തി സർവീസ് നടത്തുന്ന ബസുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന നിലപാടാണ് തമിഴ്നാട് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
എന്നാല്‍, കേരളത്തിലും ഇത്തരത്തില്‍ നിരവധി ബസുകള്‍ സർവീസ് ആരംഭിച്ചിട്ടുണ്ട്. കെഎസ്‌ആർടിസിയുടെ ഉള്‍പ്പെടെ റൂട്ടുകളില്‍ കയറി ഇത്തരം ബസുകള്‍ ഓടിയിട്ടും ഇത് തടയാൻ നടപടി ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.