മിന്നൽ മുരളിയല്ല ഹീറോ സള്ളിവനാണ് ; 7 തവണ മിന്നലേറ്റ് ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു ; അമേരിക്കയിലെ വനം വകുപ്പ് ഉദ്യോഗസ്ഥൻ റോയ് സള്ളിവൻ അതിജീവിച്ചത് 7 തവണയുണ്ടായ മിന്നൽ ആക്രമണത്തെ

അമേരിക്ക : മിന്നൽ മുരളി ഇറങ്ങിയതോടു കൂടി മിന്നൽ ഏറെ ചർച്ചാ വിഷയമാണ് മിന്നലേറ്റാൽ അത്ഭുത സിദ്ധി കൈവരുമോ , അതോ ജീവൻ നഷ്ടപ്പെടുമോ . ആശങ്കകൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി ശാസ്‌ത്രം തന്നെ പറയുന്നുണ്ടെങ്കിലും 7 തവണ മിന്നലേറ്റിട്ടും ജീവിച്ചിരുന്ന അമേരിക്കയിലെ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. യുഎസിലെ വെ‍ര്‍ജീനിയയിലെ വനംവകുപ്പ് ഉദ്യോഗസ്ഥനായ റോയ് സള്ളിവനാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കപ്പെട്ട മിന്നൽ ആക്രമണങ്ങൾ ഏറ്റിട്ടുള്ളത്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.

Advertisements

1912ല്‍ വെര്‍ജീനിയയിലെ ഗ്രീന്‍ കണ്‍ട്രി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. 1936 മുതല്‍ വനംവകുപ്പില്‍ പാര്‍ക്ക് റേഞ്ചറായി അദ്ദേഹം ജോലി നോക്കി. 1983ല്‍ സ്വന്തം കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ തലയ്ക്കു വെടിയേറ്റ് അദ്ദേഹം അന്തരിച്ചു. ഇടയ്ക്കിടെ മിന്നലേല്‍ക്കുന്നതിനാല്‍ ആളുകള്‍ ചിലപ്പോഴൊക്കെ റോയ് സള്ളിവനില്‍ നിന്ന് അകന്നു നിന്നിരുന്നു. ഈ ഒറ്റപ്പെടലും മിന്നലേല്‍ക്കുമോയെന്ന ഭീതിയും സഹിച്ചായിരുന്നു റോയ് തന്റെ ജീവിതം ജീവിച്ചുതീര്‍ത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുപ്പതു വയസ്സുള്ളപ്പോഴാണ് ആദ്യമായി റോയ്ക്ക് മിന്നലേല്‍ക്കുന്നത്, 1942ല്‍. കാട്ടുതീ നിരീക്ഷിക്കാനായി മലമുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു താത്കാലിക കെട്ടിടത്തിലായിരുന്നു സംഭവം. മിന്നല്‍ രക്ഷാചാലകമൊന്നും ആ കെട്ടിടത്തിന് ഉണ്ടായിരുന്നില്ല.
ഉയര്‍ന്ന പ്രദേശത്തു സ്ഥിതി ചെയ്തതിനാല്‍ പലതവണ മിന്നല്‍ കെട്ടിടത്തിലടിച്ചു. ഒരടിയില്‍ റോയ്ക്ക് മിന്നലേറ്റു. അദ്ദേഹത്തിന്റെ വലതുകാല്‍ കരിയുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് 27 വര്‍ഷം കഴിഞ്ഞായിരുന്നു അടുത്ത ആക്രമണം. ഒരു ട്രക്ക് ഓടിച്ചുകൊണ്ട് മലമ്പാതയിലൂടെ പോകവേ വണ്ടിയില്‍ മിന്നലടിച്ചു. റോയ്ക്കും പരുക്കുപറ്റി.അദ്ദേഹത്തിന്റെ തലമുടിക്കു തീപിടിച്ചു. സാധാരണഗതിയില്‍ വാഹനങ്ങള്‍ക്കുള്ളിലിരിക്കുന്നവര്‍ക്ക് മിന്നലേല്‍ക്കുന്നത് അപൂര്‍വമാണ്. എന്നാൽ റോയിക്ക് അവിടേയും അപകടം പറ്റി. തൊട്ടടുത്ത വര്‍ഷവും റോയ്‌യെ മിന്നലേശി, വീട്ടിനു മുന്നി‍ല്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്.

പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം 1972ലാണ് മിന്നല്‍ റോയിയെ തേടിവന്നത്. ഷെനാന്‍ഡോ എന്ന ദേശീയ ഉദ്യാനത്തില്‍ വനപരിപാലക ഡ്യൂട്ടിക്കിടെ മിന്നല്‍ ഏശുകയായിരുന്നു. ഇത്തവണയും തലമുടിക്ക് തീപിടിച്ചു. കത്തുന്ന തലമുടിയുമായി ബാത്‌റൂമിലേക്ക് ഓടിക്കയറി പൈപ്പുതുറന്നു വെള്ളം തലയിലേക്ക് ഒഴിച്ചാണു തീ കെടുത്തിയത്.ഈ സംഭവത്തോടെ നാലുതവണയായി റോയ്ക്കു നേര്‍ക്കുള്ള മിന്നലാക്രമണം.

ധീരനായ വ്യക്തിയായിരുന്നെങ്കിലും അതോടെ റോയ് മിന്നലിനെ പേടിച്ചു തുടങ്ങി. ഇടിമിന്നലുള്ളപ്പോള്‍ അദ്ദേഹം പുറത്തിറങ്ങാതെയായി. തലയ്ക്കു തീപിടിച്ചാല്‍ കെടുത്താനായി എപ്പോഴും ഒരു കന്നാസില്‍ വെള്ളംകൊണ്ടു നടക്കാനും തുടങ്ങി. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അഞ്ചാമത്തെ മിന്നലാക്രമണം നടന്നു. ഒരു വനത്തില്‍ പട്രോളിങ് നടത്തുന്നതിനിടെ ആകാശത്ത് കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നതായി അദ്ദേഹത്തിനു തോന്നി.

റോയ് വേഗത്തില്‍ തന്റെ വാഹനം ഓടിച്ചുപോയി. ആ കാര്‍മേഘം തന്നെ പിന്തുടരുന്നതായി തോന്നിയെന്ന് റോയ് പിന്നീട് ഇതെപ്പറ്റി പറഞ്ഞു. ഇടയ്ക്കുവച്ച്‌ കാറും കോളും ഒഴിവായി എന്നുകരുതി വാഹനത്തിനു പുറത്തിറങ്ങിയ റോയിയെ അപ്പോള്‍ തന്നെ മിന്നലേശി.പിന്നീട് 1976ലും അവസാനമായി 1977ലും അദ്ദേഹത്തിനു മിന്നലേറ്റു. അവസാനത്തെ മിന്നലാക്രമണം അദ്ദേഹം ചൂണ്ടയിട്ടു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു. മിന്നലേറ്റു പതിവുപോലെ തലയ്ക്കു തീപിടിച്ച റോയ് കന്നാസിലെ വെള്ളമെടുക്കാനായി വാഹനത്തിനു നേര്‍ക്കു കുതിച്ചു.

എന്നാല്‍ അവിടെ റോയിയെ കാത്ത് മറ്റൊരു അപകടമുണ്ടായിരുന്നു. ഒരു കരടി. ഏതായാലും ഭയചകിതനാകാതിരുന്ന റോയ് ഒരു മരക്കമ്പുകൊണ്ട് കരടിയെ അടിച്ചോടിച്ചു. ന്യൂയോര്‍ക്കിലെ ഗിന്നസ് റെക്കോര്‍ഡ്സ് പ്രദര്‍ശന വേദിയില്‍ ഇന്നും റോയിയുടെ തൊപ്പികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Hot Topics

Related Articles