നാഗ്പൂർ : പെഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന് എതിര തിരിച്ചടി നൽകണമെന്ന ആഹ്വാനവുമായി ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ആർ എസ് എസ് മേധാവി മോഹൻ ഭഗവതിൻ്റെ ആഹ്വാനത്തോടെ രാജ്യത്ത് യുദ്ധ കാഹളം ഉയരുമെന്ന ഭീതി ആണ് പുറത്ത് വരുന്നത്.
രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുകയാണ് രാജാവിന്‍റെ കടമ. അത് പാലിച്ചിരിക്കണമെന്നും ആർ എസ് എസ് തലവൻ ആവശ്യപ്പെട്ടു. അയല്‍ക്കാരെ ഉപദ്രവിക്കരുതെന്നാണ് പറയാറ്. എന്നാല്‍ തിന്മകാട്ടിയാല്‍ മറ്റ് വഴികളില്ലെന്നും തിരിച്ചടി നല്‍കണമെന്നും ഭഗവത് കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകർക്കുന്നത് തുടരുകയാണ്. കുപ്വാരയില്‍ ഇന്ന് ഒരു ഭീകരൻ്റെ വീട് സുരക്ഷാ സേന സ്ഫോടനത്തില്‍ തകർത്തു. ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് സ്ഫോടനത്തില്‍ തകർത്തത്. നിലവില്‍ പാക്കിസ്ഥാനില്‍ ഭീകര സംഘത്തിനൊപ്പമാണ് ഫാറൂഖ്. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം നിരവധി ഭീകരരുടെ വീടുകള്‍ തകർത്തിരുന്നു. കശ്മീരില്‍ ഇന്നലെ അഞ്ച് ഭീകരരുടെ വീടുകളാണ് ജില്ലാ ഭരണകൂടം തകർത്തത്.
കശ്മീരിലെ ഷോപിയാൻ, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനില്‍ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെയും കുല്‍ഗാമില്‍ ഭീകരൻ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകർത്തു. പുല്‍വാമയില്‍ ലഷ്കർ ഭീകരൻ ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്സാൻ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെയും വീടുകള്‍ കഴിഞ്ഞ ദിവസം തകർത്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാൻ്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരല്‍ ചൂണ്ടുന്നത് പാകിസ്ഥാൻ്റെ പങ്കിലേക്കാണ്. ലോക നേതാക്കളുമായുള്ള ആശയ വിനിമയത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശകാര്യ മന്ത്രാലയവും നിർണ്ണായക വിവരം മറ്റ് രാജ്യങ്ങളെ ധരിപ്പിച്ചു.
അതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ന് രംഗത്തെത്തി. നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. പാക് മന്ത്രിമാർ ഉള്‍പ്പെടെ ചില നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാൻ പാകിസ്ഥാൻ സൈന്യം പൂർണമായും പ്രാപ്തരാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരി ജനതയുടെ സ്വയം നിർണ്ണയാവകാശത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാൻ തുടരുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. ‘പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തത്തിന്‍റെ പേരില്‍ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്. ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്തമുള്ള രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തോടും സഹകരിക്കാൻ പാകിസ്ഥാൻ തയ്യാറാണ്’ – എന്നായിരുന്നു ഷഹബാസ് പറഞ്ഞത്.