കോട്ടയം: റിട്ട.തൊഴിലാളികളെ കടക്കെണിയിലേയ്ക്കു തള്ളിവിടാതെ എത്രയും വേഗം ഇവരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയ്യാറാകണമെന്നു കോൺഗ്രസ് കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആവശ്യപ്പെട്ടു. സർക്കാരും, കമ്പനി മാനേജ്‌മെന്റും ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണം. കമ്പനി ഇപ്പോൾ ഗുരുതരമായ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ട്രേഡ് യൂണിയനുകൾ അനങ്ങാപ്പാറ നയം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്രാവൻകൂർ സിമന്റ്‌സിൽ നിന്നും 2019 മുതൽ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പി.എഫ് ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനായി വിരമിച്ച ജീവനക്കാരുടെ റിട്ട.എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കമ്പനി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിമന്റ്‌സിന്റെ ഭൂമി കൈമാറിയ വകയിൽ കിൻഫ്രയിൽ നിന്നും ലഭിക്കാനുള്ള തുക എത്രയും വേഗം വാങ്ങിയെടുത്ത് വിരമിച്ച ജീവനക്കാരൂടെ ആനൂകൂല്യങ്ങൾ വിതരണം ചെയ്യണം. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് വിരമിച്ച ജീവനക്കാരെ രക്ഷിക്കാൻ നിലപാട് സ്വീകരിക്കണം. ഇതോടൊപ്പം ജി.എസ്.ടി കുടിശിക അടച്ചു തീർക്കാനും, കമ്പനി നവീകരണത്തിനും നടപടി സ്വീകരിക്കണം. കമ്പനി ഇപ്പോഴും ഗുരതുരമായ പ്രതിസന്ധിയിലാണ് കടന്നു പോകുന്നത്. കമ്പനിയുടെ നവീകരണത്തിന് സർക്കാർ പണം അനുവദിച്ചിട്ടും ടെൻഡർ നടപടികൾ പോലും എങ്ങും എത്തിയിട്ടില്ല. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്യാൻ ട്രേഡ് യൂണിയനുകൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റിട്ട.എംപ്ലോയീസ് ഫോറം പ്രസിഡന്റ് ജോൺ പി.ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.എച്ച് മുഹമ്മദ് ബഷീർ, ജോൺ സി.മാത്യൂ, സി.പി സുശീലൻ, എസ്.ശിവൻപിള്ള, പി.എസ് സ്‌കറിയ, പി.എം ജോയി, എം.ആർ ജോഷി എന്നിവർ പ്രസംഗിച്ചു.