കോട്ടയം : കെ കെ റോഡിൽ കലുങ്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗതാഗതം തിരിച്ചുവിട്ട റോഡിലെ കലുങ്കിന് ബലക്ഷയമെന്ന് കണ്ടെത്തൽ. കോട്ടയം കളത്തിപ്പടി റബ്ബർ ബോർഡ് റോഡിലെ കലുങ്കാണ് അപകടാവസ്ഥയിൽ ആയത്. കല്ലിന്റെ കൈവരികൾ ഇടിഞ്ഞതോടെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് അധികൃതർ , കലിങ്കിൽ അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഭാരവാഹനങ്ങൾ ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
കോട്ടയം കെ കെ റോഡിൽ കളത്തിപ്പടി ഭാഗത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴി എത്തുന്ന വാഹനങ്ങളിൽ പലതും റബർ ബോർഡ് റോഡിലൂടെയാണ് വഴി തിരിച്ചുവിടുന്നത്. കെ കെ റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കനത്ത ഗതാഗതകുരുക്കും ആണ് അനുഭവപ്പെടുന്നത്. ഈ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസമാകുന്നത് പുതുപ്പള്ളി റബ്ബർ ബോർഡ് റോഡിലൂടെ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിനാലാണ്. എന്നാൽ ഈ റോഡിലെ കലുങ്ക് കൂടി അപകടാവസ്ഥയിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകും എന്ന് ഉറപ്പായി.