കോട്ടയം : കേരള സർക്കാർ കൃഷി വകുപ്പിൻ്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ കെ വി വൈ ) പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുകിട കർഷക കാർഷിക കൺസോഷ്യത്തിന്റെ (എസ് എഫ് എ സി ) പ്രോത്സാഹനത്തോടെ റബർ കർഷകർ രൂപം കൊടുത്ത് പ്രവർത്തിക്കുന്ന കർഷക ഉല്പാദക കമ്പനിയായ (ഫാർമർ പ്രൊഡ്യൂസർ കമ്പനി) ‘റബ്ബ്ഫാം’ റബ്ബർ അധിഷ്ഠിത ഉത്പന്ന നിർമ്മാണ സംരംഭത്തിന് തുടക്കം കുറിച്ചു. കർഷകരിൽ നിന്നും ശേഖരിക്കുന്ന റബർ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ആയ ഗ്രോബാഗ്, ഇൻഡോർ/ഔട്ട്ഡോർ ചെടിച്ചട്ടികൾ, കൈയുറകൾ, റബർബാൻഡ് തുടങ്ങിയവയുടെ നിർമ്മാണം റബ്ബ്ഫാം ആരംഭിച്ചിരിക്കുകയാണ്. ഈ ഉൽപ്പന്നങ്ങൾ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിക്കുന്ന ചടങ്ങ് 2023 ഡിസംബർ 31 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം. മന്ത്രി വി. എൻ. വാസവൻ റബ്ബ്ഫാം ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കും. റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ മുഖ്യപ്രഭാഷണം നടത്തുന്നതും പ്രഥമ “ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർ’ വിതരണം ചെയ്യുന്നതുമാണ്. ശ്രീ. തോമസ് ചാഴികാടൻ എം.പി. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. വി. ബിന്ദു റബ്ബ്ഫാമിന് ലഭിച്ച ‘കേരൾ അഗ്രോ’ എന്ന ബ്രാൻഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതാണ്. റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. വസന്തഗേശൻ ഐ.ആർ.എസ് ഉൽപന്ന വിപണനത്തിനുള്ള ആദ്യ ഡീലർഷിപ്പ് വിതരണം നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ ഡോ. ജേക്കബ് മാത്യു, ഡയറക്ടർ പ്രാൺ ബേബി , സി ഇ ഒ ജോമോൻ ജോസഫ് , ഭാരവാഹികളായ ബാബു ജോസഫ് , കെ കെ ആനന്ദ് എന്നിവർ പങ്കെടുത്തു.