റബ്ബർ മേഖലയിലെ വികസനം പൂർണ്ണമാക്കാൻ മൂല്യവർദ്ധിത ഉത്പാദനം വർദ്ധിപ്പിക്കണം : തോമസ് ചാഴികാടൻ എം.പി

കോട്ടയം : ഉത്പാദിപ്പിക്കുന്ന റബ്ബർ പ്രാദേശികമായി തന്നെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള അവസരമൊരുക്കിയാൽ മാത്രമേ റബ്ബർ മേഖലയിൽ പൂർണ വികസനം സാധ്യമാകൂ എന്ന് തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് വച്ച് നടക്കുന്ന പ്രദർശന വിപണന മേളയിൽ ജില്ലാ പ്ലാനിംഗ് ഓഫീസും ജില്ലാ ഇൻഫർമേഷൻ ഓഫീസും കോട്ടയം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കോട്ടയം @2030 വികസന സാധ്യതകൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ഉത്തരവാദിത്ത ടൂറിസവും കോട്ടയം ജില്ലയും എന്ന വിഷയത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ സംസാരിച്ചു. 2030 ആകുന്നതോടെ സുസ്ഥിര വികസനം വഴി കേരളത്തിലെ ഓരോ ഗ്രാമവും ഓരോ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃഷിയും ജൈവ വൈവിധ്യ പരിപാലനവും വിഷയത്തിൽ മണർകാട് സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ വിഷയാവതരണം നടത്തി. കൃഷിയുടെ വികസനത്തിന് പരിസ്ഥിതി സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ചൂഷണത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക വികസനത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്.

കോട്ടയം ജില്ലയുടെ സാമ്പത്തിക വികസന കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യുവും ബസേലിയസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. താരാ തോമസും വിഷയാവതരണം നടത്തി. കൃഷിക്ക് പ്രോത്സാഹനം നൽകിയുള്ള വികസനത്തിന് മാത്രമേ 2030 ഓടെ നിലനിൽപ്പുണ്ടാകൂ എന്ന് സെമിനാർ വിലയിരുത്തി.

കോട്ടയം ജില്ലയിലെ
റബ്ബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഭാവി എന്ന വിഷയത്തിൽ റബ്ബർ ബോർഡ് പബ്ലിസിറ്റി ആൻഡ് പബ്ലിക്കേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ജി.സതീഷ് കുമാർ സംസാരിച്ചു.. റബർ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ റബ്ബർ ബോർഡ് സഹായമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ സ്വാഗതവും ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ സി.എൻ സുഭാഷ് നന്ദിയും പറഞ്ഞു.

Hot Topics

Related Articles