കോഴിക്കോട്: ഓൺലൈൻ റമ്മി കളിച്ച് കോടികൾ സമ്പാദിക്കാമെന്ന് റിമിടോമിയും വിജയ് യേശുദാസും പറയുന്നത് കേട്ട് റമ്മി കളിക്കാൻ നിൽക്കേണ്ട. കോടികൾ കിട്ടില്ലെന്ന് മാത്രമല്ല , ചിലപ്പോൾ പോക്കറ്റിലുള്ളതും പോകും. കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണത്തിലാണ് കണ്ടെത്തല്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയത്. ലക്ഷകണക്കിന് രൂപ നഷ്ടമായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ വ്യക്തമായില്ല. തുടര്‍ന്നാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയത്. എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്നാണ് ബിജിഷയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കിയത്. കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു. യു.പി.ഐ. ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയംവെച്ചു. കൂടാതെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് വായ്പയും എടുത്തിരുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കടക്കം വായ്പ നല്‍കിയവര്‍ അയച്ചു. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.