ന്യൂഡൽഹി : നിലവില്‍ ഇന്ത്യ,റഷ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്.എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക-സാങ്കേതിക പങ്കാളിത്തത്തില്‍ കുറവ് വന്നിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള പ്രതിരോധ ഇറക്കുമതിയുടെ പങ്ക് 2009-ല്‍ 76 ശതമാനം ആയിരുന്നു.2023-ല്‍ ഇത് 36 ശതമാനം ആയി കുറഞ്ഞു.ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഈ ഇടിവുണ്ടായത്.
2018 നും 2022 നും ഇടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 29 ശതമാനവും ഫ്രാന്‍സിന്റേതാണ്.അതോടെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായി ഫ്രാന്‍സ് മാറി. ഹിമാലയത്തിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ചൈനയുടെ ഭീഷണി ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ തന്ത്രപരമായ മാറ്റത്തിന് കാരണമായിട്ടുണ്ട്. ആഭ്യന്തര ഉല്‍പ്പാദന ശേഷി വികസിപ്പിക്കുന്നതിലാണ് രാജ്യം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധവും റഷ്യയില്‍ നിന്നുള്ള ആയുധം ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്.റഷ്യ സ്വന്തം ആവശ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. അതിനാല്‍,എസ് -400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഡെലിവറിയിലും നിലവിലുള്ള റഷ്യന്‍ ആയുധ സംവിധാനങ്ങളുടെ സ്‌പെയറുകള്‍ ലഭിക്കുന്നതിനും കാലതാമസവും നേരിടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വെല്ലുവിളികള്‍ക്കിടയിലും പ്രതിരോധ,സുരക്ഷാ സഹകരണ മേഖലകളില്‍ ഉള്‍പ്പെടെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും റഷ്യയും ശ്രമിക്കുന്നുണ്ട്.2022-ല്‍ പാശ്ചാത്യ ഉപരോധം മൂലം ഇന്ത്യയുടെ ടെക് ഭീമനായ ഇന്‍ഫോസിസിന് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ടാറ്റ ഗ്രൂപ്പും എല്‍ ആന്‍ഡ് ടിയും പോലുള്ള പ്രമുഖ കമ്ബനികള്‍ക്കും അവരുടെ ജോലി പരിമിതപ്പെടുത്തേണ്ടി വന്നു. 2024-ല്‍, ഉപരോധങ്ങളുടെ ശക്തി വര്‍ദ്ധിച്ചു.റഷ്യ-ചൈന ബന്ധം മെച്ചപ്പെടുന്നതില്‍ ഇന്ത്യക്ക് ആശങ്കയുണ്ട്.2020-കളില്‍,ചൈന, റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി.നാവിക അഭ്യാസങ്ങള്‍, സംയുക്ത അഭ്യാസങ്ങള്‍ എന്നിവയിലൂടെ സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കൂടാതെ, റഷ്യയില്‍ നിന്ന് എസ് 400 മിസൈല്‍ സംവിധാനങ്ങളും സുഖോയ്- 35 യുദ്ധവിമാനങ്ങളും ചൈന വാങ്ങിയിരുന്നു.
ഇത് റഷ്യയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പുണ്ടെങ്കിലും റഷ്യ-ചൈന ബന്ധം ഇന്ത്യ-റഷ്യ പ്രതിരോധ സഹകരണത്തിന് പ്രതിബന്ധമാകുമോ എന്ന ആശങ്ക ഇന്ത്യയിലെ നയരൂപീകരണ വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്.എന്നാല്‍, ഇന്ത്യയുടെ സായുധ സേന ഇപ്പോഴും റഷ്യയുടെ സൈനിക പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നുണ്ട്.അടുത്തിടെ, 6,000 കിലോമീറ്റര്‍ പരിധിയുള്ള റഷ്യയുടെ മുന്നറിയിപ്പ് റഡാര്‍ സംവിധാനമായ വൊറോനെഷ് 4 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിരോധ മേഖല കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് വൊറോനെഷ് റഡാറുകള്‍ വാങ്ങാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യ ഒപ്പുവയ്ക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.റഷ്യയിലെ അല്‍മാസ്-ആന്റേ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച വോറോനെഷ് റഡാര്‍ സംവിധാനത്തിന് ഒരേ സമയം 500-ലധികം വസ്തുക്കളെ കണ്ടെത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള വിക്ഷേപണമോ ആക്രമണമോ ഉണ്ടായാല്‍ അത് വോറോനെഷ് റഡാര്‍ കണ്ടെത്തും.ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണ ഭീഷണി പരിശോധിച്ച് മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ഈ റഡാര്‍ സംവിധാനങ്ങളുടെ പ്രധാന ജോലി.ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിച്ച് കണ്ടെത്താനുള്ള റഡാറിന്റെ കഴിവ് ഐഎസ്‌ആര്‍ഒയ്ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഐഎസ്‌ആര്‍ഒ തയ്യാറാക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതിയില്‍ ഉള്‍പ്പെടെ നിര്‍ണായക പങ്കുവഹിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞേക്കും.2030-ഓടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുമ്ബോള്‍ തന്നെ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.