ശബരിമല : സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാന കേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. നമ്പർ: 18004256330. l