കോട്ടയം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലത്ത് ഭക്ഷണസാധനങ്ങൾക്ക് പമ്പയിലും സന്നിധാനത്തും ഈടാക്കുന്ന വിലയേക്കാൾ കൂടുതൽ വില മറ്റിടങ്ങളിൽ വാങ്ങുന്ന സ്ഥിതിയുണ്ടാകാതിരിക്കാൻ കർശനനടപടിയെടുക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃവകുപ്പു വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശബരിമല മണ്ഡലം-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ചുള്ള മുന്നൊരുക്കം വിലയിരുത്താനായി കോട്ടയം കളക്‌ട്രേറ്റിൽ നടന്ന കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഹോട്ടലുകളിലെയും റസ്‌റ്റൊറന്റുകളിലെയും ശബരിമല തീർഥാടകർക്കുള്ള ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് പ്രസിദ്ധീകരിക്കും. ഇതുമായി ബന്ധപ്പെട്ട് മൂന്നു ജില്ലകളിലും യോഗങ്ങൾ നടന്നു. ചില സാധനങ്ങൾക്ക് നേരിയ വിലവർധന ഹോട്ടൽ-റസ്‌റ്റൊറന്റ് സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്‌ടോബർ 30ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിലവിവരപ്പട്ടിക അഞ്ചു ഭാഷകളിൽ കടകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണം. കടകളിൽ വിലവിവരപ്പട്ടികയ്‌ക്കൊപ്പം ആ പ്രദേശത്ത് ചുമതലയുള്ളതോ സ്‌ക്വാഡിൽ ഉള്ളതോ ആയ ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരും ഫോൺനമ്പരും പ്രദർശിപ്പിക്കണം. തീർഥാടകർക്ക് പരാതികൾ നേരിട്ട് ഉദ്യോഗസ്ഥരെ അറിയിക്കാനാണിത്. തീർഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങൾ മിതമായ നിരക്കിലും അളവിലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധനകളും മുൻകൂർ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഒരേ ഭക്ഷണസാധനത്തിനും ഉൽപ്പന്നത്തിനും രണ്ടുതരത്തിൽ വില ഈടാക്കുന്നത് തടയും. ഭക്ഷണത്തിന്റെ ഗുണനിലവാരം, അളവ് എന്നിവ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് എന്നിവ പരിശോധന കർശനമാക്കും. പഴകിയ ഭക്ഷണപദാർത്ഥങ്ങളോ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളോ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. മണ്ഡലം-മകരവിളക്ക് തീർഥാടനകാലം പരാതിരഹിതമാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൾ ഖാദർ, പത്തനംതിട്ട സബ് കളക്ടർ സഫ്‌ന നസറുദ്ദീൻ, അഡീണഷൽ ജില്ലാ മജിസ്‌ട്രേറ്റുമാരായ ജി. നിർമ്മൽ കുമാർ (കോട്ടയം), ഷൈജു പി. ജേക്കബ് (ഇടുക്കി), ജില്ലാ സപ്ലൈ ഓഫീസർമാരായ സ്മിത ജോർജ്, വി.പി. ലീലാകൃഷ്ണൻ, ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണർമാരായ സി.ആർ. രൺദീപ്, ജോസ് ലോറൻസ്, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോ. എം. മിഥുൻ, എസ്. പ്രശാന്ത്, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ എം. അബ്ദുൾ ഹഫീസ്, കെ. സുജ ജോസഫ്, എൻ.സി. സന്തോഷ്, കെ.കെ. ഉദയൻ, പി.എക്‌സ്. മേരി ഫാൻസി, ഇ.പി. അനിൽകുമാർ, കെ.ആർ. വിപിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.