ശബരിമല: തീർഥാടകർക്ക് വൈദ്യസഹായം ആവശ്യമായി വന്നാൽ നൽകാൻ വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യ വകുപ്പ്. സന്നിധാനം, പമ്പ,നിലയ്ക്കൽ, എരുമേലി തുടങ്ങിയ കേന്ദ്രങ്ങളിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രധാന ആശുപത്രികളിലെല്ലാം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.പമ്പയിലും സന്നിധാനത്തും പ്രവർത്തിക്കുന്ന ജനറൽ ആശുപത്രികളിൽ വിദഗ്ദ ചികിത്സ അടക്കമുള്ള സൗകര്യമുണ്ട്.നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയാക് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ചരൽമേട്, കരിമല എന്നിവിടങ്ങളിൽ താത്കാലിക ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നു. നിലയ്ക്കലിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലും കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിലെല്ലാം 24 മണിക്കൂറും ചികിത്സ ലഭിക്കും. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ വെന്റിലേറ്റർ സൗകര്യം അടക്കമുള്ള അത്യാഹിത വിഭാഗവും ഉണ്ട്. ലബോറട്ടറി സൗകര്യവും ഇവിടങ്ങളിൽ ഉണ്ട്. പമ്പയിലെയും സന്നിധാനത്തെയും ആശുപത്രികളിൽ മിനി ഓപ്പറേഷൻ തീയ്യറ്ററും എക്സ് റേ സൗകര്യവുമുണ്ട്. ആശുപത്രികളിൽ പാമ്പുവിഷബാധയ്ക്ക് നൽകുന്ന ആന്റീവനവും ്ലഭ്യമാക്കിയിട്ടുണ്ട്.എല്ലായിടത്തും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. ആവശ്യത്തിന് മരുന്നുകൾ ശേഖരിച്ചിട്ടുണ്ട്.ഡിവോട്ടീസ് ഡോക്ടേഴ്സ് ഓഫ് അയ്യപ്പ എന്ന പേരിലുള്ള സന്നദ്ധ കൂട്ടായ്മയിലെ 125 ഡോക്ടർമാരും ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.ഐ.സി.യു. ആംബുലൻസ് അടക്കം 14 ആംബുലൻസുകൾ പമ്പയിലും അഞ്ച് എണ്ണം നിലയ്ക്കലിലും സജ്ജമാക്കിയിട്ടുണ്ട്.വടശ്ശേരിക്കര, പന്തളം ഇടത്താവളം എന്നിവിടങ്ങളിൽ ഓരോന്നും റാന്നി പെരുന്നാട്ട് രണ്ടും ആംബുലൻസുകൾ തയ്യാറാണ്.ഇതുകൂടാതെ സന്നിധാനത്ത് ദേവസ്വം ബോർഡിന്റെയും ചരൽമേട്ടിൽ വനം വകുപ്പിന്റെയും അപ്പാച്ചിമേട്ടിൽ ആരോഗ്യ വകുപ്പിന്റെയും ഓരോ ടെ റൈൻ ആംബുലൻസുകളും ഏതു സമയവും സേവനത്തിന് സജ്ജമായിട്ടുണ്ട്. പമ്പയിൽ ഒരു ബൈക്ക് ഫീഡർ ആംബുലൻസുമുണ്ട്.15 ഇ.എം.സികൾ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ (ഇ.എം.സി.) പമ്പ മുതൽ സന്നിധാനം വരെയുള്ള തീർഥാട പതയിൽ പ്രവർത്തിക്കുന്നു. നാലെണ്ണം കരിമല റൂട്ടിലും ഉണ്ട്.എല്ലാ ഇ. എം. സി. കളിലും ഹൃദയ പരിചരണത്തിൽ പ്രത്യേക പരിശീലനം നേടിയ ജീവനക്കാരാണുള്ളത്.നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പബ്ലിക് ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ ഫോഗിങ് അടക്കമുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്.ഹോട്ടലുകളിലെ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നു.അടിയന്തിര ഘട്ടങ്ങളിൽ ഇടപെടേണ്ട രീതികൾ സംബന്ധിച്ച് നിരന്തരമായ പരിശീലനവും നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് നോഡൽ ഓഫീസർ ഡോ. കെ.കെ. ശ്യാംകുമാർ പറഞ്ഞു.