ആലപ്പുഴ: ശരണം വിളികളാല്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയില്‍ കണ്ണമംഗലം കേശവന്‍ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിച്ചു. രഥത്തിനു പിന്നാലെ സ്വാമി ഭക്തര്‍ കാല്‍നടയായി യാത്ര തുടര്‍ന്നു. മുന്‍ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ , എച്ച്. സലാം എം.എല്‍.എ , ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംഘത്തെ യാത്രയാക്കി. മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്.
ആദ്യ ദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മടങ്ങി എത്തി അമ്പലപ്പുഴ ക്ഷേത്രത്തില്‍ വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും. നൂറുകണക്കിന് ക്ഷേത്രങ്ങളിലെയും സംഘടനകളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് യാത്ര. വെള്ളിയാഴ്ച കവിയൂര്‍ ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ എത്തും. ഞായറാഴ്ച മണിമലക്കാവ് ക്ഷേത്രത്തിലെ ആഴി പൂജക്ക് ശേഷം തിങ്കളാഴ്ച എരുമേലിയില്‍ എത്തും. ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. സംഘത്തിന് പതിനെട്ടാം പടി കയറുന്നതിനും ദര്‍ശനത്തിനും പ്രത്യേക സംവിധാനം ഒരുക്കും. മകര വിളക് ദിവസമായ വെള്ളിയാഴ്ച രാവിലെ അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകം നടക്കും. സംഘം ഭാരവാഹികളായ ആര്‍ ഗോപകുമാര്‍, എന്‍. മാധവന്‍ കുട്ടി നായര്‍, കെ. ചന്ദ്രകുമാര്‍, സംഘം ഭാരവാഹികളായ ആര്‍ ഗോപകുമാര്‍, എന്‍. മാധവന്‍ കുട്ടി നായര്‍, കെ. ചന്ദ്രകുമാര്‍, ജി.ശ്രീകുമാര്‍, സി. വിജയ് മോഹന്‍, രഥയാത്രാ കണ്‍വീനര്‍ ആര്‍. മധു എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കുന്നു.