ശബരിമല: വൻഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിച്ചതിനാൽ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിഞ്ഞുവെന്നും ശബരിമലയിലെ ദേവസ്വം ബോർഡ് ഗസ്റ്റ് ഹൗസിൽ ചേർന്ന അവലോകനയോഗശേഷം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
മകരവിളക്ക് കാലത്ത് ഇതിൽ കൂടുതൽ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോർഡും വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, വനംവകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളും എടുക്കേണ്ട നടപടികളെക്കുറിച്ച് ധാരണയായിട്ടുണ്ട്. എല്ലാതരത്തിലുമുള്ള മുൻകരുതലും എടുക്കും.
പരമാവധി പാർക്കിങ് സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്്. 1500 വാഹനങ്ങൾക്കു കൂടി പാർക്ക് ചെയ്യാനാകുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതുപരിശോധിച്ചു പാർക്കിങ് സൗകര്യം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും.
അധികമായി ടോയ്ലറ്റുകൾ വേണ്ട സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എവിടെയെങ്കിലും അപകടകരമായ രീതിയിൽ മരങ്ങൾ നിൽപ്പുണ്ടെങ്കിൽ നടപടിയെടുക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ ശല്യം നേരിടാൻ നടപടികൾ എടുക്കും. ശുചീകരണപ്രവർത്തനങ്ങൾ കുറച്ചുകൂടി ശക്തമാക്കും. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.
കെ.യു. ജനീഷ്കുമാർ എം.എൽ.എ., തിരുവിതാംകൂർ
ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, എ.ഡി.എം. വിഷ്ണുരാജ്, സന്നിധാനം സ്പെഷൽ ഓഫീസർ ആർ. അനന്ദ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, ചീഫ് എൻജിനീയർ അജിത് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീർഥാടനകാലം: ദേവസ്വംമന്ത്രി കെ.രാധകൃഷ്ണൻ
Advertisements