അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കും; കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തല്‍, ബലം പരിശോധിക്കും; ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം; പത്തനംതിട്ടയില്‍ ഇനി ശരണംവിളിയുടെ നാളുകള്‍

പത്തനംതിട്ട: എല്ലാ വകുപ്പുകളും ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്തനംതിട്ട കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.

Advertisements

ശബരിമല റോഡുകളിലെ കാടുവെട്ടിത്തെളിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. പുനലൂര്‍-പൊന്‍കുന്നം റോഡ് തിരിച്ചുവിടല്‍ നടത്തുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. മാധ്യമങ്ങളിലൂടെ അവ ജനങ്ങളിലെത്തിക്കണം. കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ ബലം ഉടന്‍ പരിശോധിക്കണം. പത്തനംതിട്ട കെഎസ്ആര്‍ടിസി യാഡിന്റെ ടൈല്‍ വര്‍ക്കുകള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ കോന്നി – പ്ലാച്ചേരി റീച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് ഉറപ്പ് വരുത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി – കുമ്പഴ റോഡ് തുറന്നു കൊടുക്കണം. ശബരിമല പാതയില്‍ ഉള്‍പെട്ടിട്ടില്ലാത്ത കല്ലേലി – ഊട്ടുപാറ, കോന്നി – ചന്ദനപ്പള്ളി റോഡും ഗതാഗത യോഗ്യമാക്കണം. എന്‍എച്ച് റോഡ് അഞ്ച് ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലേയും കാട് വെട്ടി തെളിക്കുകയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

പ്രമോദ് നാരായണ്‍ എംഎല്‍എ

റാന്നി മണ്ഡലത്തിലെ ശബരിമല പാതയില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി റോഡുകളില്‍ ബാരിക്കേടുകളും, സൂചനാ ബോര്‍ഡുകളും രാത്രി മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള റിഫ്ളക്ടറുകളും സ്ഥാപിക്കണം. പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ സുരക്ഷിതത്വം കെഎസ്ടിപി ഉറപ്പുവരുത്തണം. എന്‍എച്ച് പാതയോരങ്ങളില്‍ കാടുവെട്ട് പൂര്‍ണമാക്കി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുരുമ്പന്‍ മൂഴിയില്‍ പാലം നിര്‍മാണം അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു.

പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

തീര്‍ഥാടനകാലത്ത് ഒരു ദിവസം അന്‍പതിനായിരം പേര്‍ക്ക് റോഡുകളിലൂടെ യാത്രചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തയിരിക്കണം സഞ്ചാരയോഗ്യമാക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പിഎം റോഡ്, പ്ലാപ്പള്ളി- ആങ്ങമൂഴി റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കോന്നി പ്ലാച്ചേരി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. റോഡുകളില്‍ മൈല്‍കുറ്റികള്‍ക്ക് പകരം കിലോമീറ്റര്‍ കണക്കാക്കിയുള്ള നാഴികകല്ലുകള്‍ സ്ഥാപിക്കണം. ശബരിമലപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപകടസാധ്യതാ ബോര്‍ഡുകളും വലിയ വളവുകളില്‍ കോണ്‍വെക്‌സ് മിററുകളും സ്ഥാപിക്കണം. വിവിധ ഭാഷകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ച് റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.

അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി
അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധിയും അടൂര്‍ നഗരസഭ ചെയര്‍മാനുമായ ഡി.സജി പറഞ്ഞു. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണം. മണ്ണടി റോഡിന്റെ പ്രവര്‍ത്തിയും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അടൂര്‍ നഗരസഭ ചെയര്‍മാന്‍ പറഞ്ഞു.

Hot Topics

Related Articles