പത്തനംതിട്ട: ജില്ലയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
തീര്‍ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള ശുചിമുറി സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദേവസ്വം ബോര്‍ഡും ഒരുക്കും. അടിസ്ഥാന സൗകര്യങ്ങളും, ശുചി മുറികളും ആവശ്യത്തിനുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പു വരുത്തണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നും ഉറപ്പാക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അപകട സാധ്യതയുള്ള കടവുകള്‍ കണ്ടെത്തി അവ അടിയന്തരമായി അടയ്ക്കുകയും ബഹുഭാഷാ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കടവുകളില്‍ ലൈഫ് ഗാര്‍ഡുകളെ നിയോഗിക്കണം. ലൈഫ് ഗാര്‍ഡുകളും ശുചീകരണ തൊഴിലാളികളും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ഉറപ്പു വരുത്തണം. കൊതുകു നശീകരണം നടത്തണം.
സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ 999 ശുചിമുറികള്‍ ഉണ്ട്. തിരുവാഭരണ പാത കടന്നു പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ റോഡുകളുടെ സുരക്ഷയും, ആവശ്യമായ ലൈറ്റുകളും സ്ഥാപിക്കണം. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. വാട്ടര്‍ അതോറിറ്റി വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് കുടിവെള്ളവും ഉറപ്പാക്കണം. ശുചിമുറി സംവിധാനത്തിന്റെ ഏകോപനം ശുചിത്വമിഷന്‍ നിര്‍വഹിക്കണമെന്നും കളക്ടര്‍ പറഞ്ഞു.