പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട പോലീസിന്റെ സുരക്ഷാക്രമീകരണങ്ങൾ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐ പി എസ് നേരിട്ട് വിലയിരുത്തി. പമ്പയിലെത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം ക്രമീകരണങ്ങൾ സംബന്ധിച്ച അവലോകനം നടത്തി. ക്രമസമാധാന വിഭാഗം എ ഡി ജി പി എം ആർ അജിത് കുമാർ, ദക്ഷിണമേഖലാ ഐ ജി പി പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ, കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് തുടങ്ങിയവർ അവലോകനയോഗത്തിൽ പങ്കെടുത്തു. സുരക്ഷിതമായ മണ്ഡല മകരവിളക്ക് തീർത്ഥാനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കപ്പെട്ടുവെന്ന് അദ്ദേഹം ഉറപ്പുവരുത്തി.
പമ്പാ തീരത്ത് ഏർപ്പെടുത്തിയ സുരക്ഷാസംവിധാനങ്ങളും പരിശോധിച്ചു. തുടർന്ന്, ഗണപതികോവിൽ, വെർച്വൽ ക്യൂ വെരിഫിക്കേഷൻ കൗണ്ടർ, കൺട്രോൾ റൂം, സി സി ടി വികൾ, പോലീസ് മെസ്സ്, എന്നിവടങ്ങൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. പിന്നീട്, നിലക്കൽ പാർക്കിങ് ഗ്രൗണ്ടുകൾ, പോലീസ് സ്റ്റേഷൻ, സി സി ടി വികൾ എന്നിവടങ്ങളിലും സന്ദർശനം നടത്തിയശേഷം തിരിച്ചുമടങ്ങി. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത്, 4.30 ന് നടന്ന പത്രസമ്മേളനത്തിലും പങ്കെടുത്തശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തിന് മടങ്ങിയത്.