തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിശ്വാസികൾക്ക് ശബരിമലയിൽ പോയി ദർശനം നടത്താനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ഇല്ലെങ്കിൽ വലിയ തിരക്കും സംഘർഷവുമുണ്ടാകും. ആ സംഘർഷവും വർഗീയവാദികൾ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിശ്വാസിയും വർഗീയവാദിയല്ല. വർഗീയവാദിക്ക് വിശ്വാസമില്ല. വർഗീയവാദി വിശ്വാസം ഒരു ഉപകരണമായി മതധ്രുവീകരണത്തിന് വേണ്ടി ഉപയോഗിക്കുന്നവരാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ശബരിമലയിലേക്ക് വരുന്ന മുഴുവൻ ആളുകൾക്കും കൃത്യമായ ക്രമീകരണത്തോടുകൂടി ദർശനം അനുവദിക്കണം. വെർച്വൽ ക്യൂ വേണം. കാൽനടയായി ഉൾപ്പെടെ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്കാകെ കൃത്യമായിട്ട് സന്നിധിയിലേക്ക് പോകാനും അവർക്ക് ദർശനം നടത്താനും സൗകര്യമുണ്ടാവണം. ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബി.ജെ.പിയും ആർ.എസ്.എസ്സും എന്തിനാണ് സമരത്തിന് പുറപ്പെടുന്നത്. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും ദേവസ്വം ബോർഡും ഒരേ നിലപാടുമായി മുന്നോട്ടുപോയാൽ, മന്ത്രി തന്നെ അത് വ്യക്തമാക്കിയാൽ പിന്നെയെന്തിനാണ് സമരം. ആ സമരം വർഗീയതയാണ്.- ഗോവിന്ദൻ പറഞ്ഞു.