പത്തനംതിട്ട : ശബരിമലയിൽ പതിനെട്ടാംപടിക്ക് മുകളിലായി സ്ഥാപിക്കുന്ന ഫോൾഡിംഗ് റൂഫിന്റെ നിർമ്മാണം മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് പൂർത്തിയാക്കുമെന്ന് അറിയിച്ച് ദേവസ്വം ബോർഡ്. പടിപൂജയ്‌ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാനും പതിനെട്ടാം പടിയുടെ സംരക്ഷണവും മുന്നിൽ കണ്ടാണ് മേൽക്കൂരയുടെ നിർമ്മാണം. ആവശ്യമുള്ളപ്പോൾ മേൽക്കൂരയായി ഉപയോഗിക്കാനും അല്ലാത്തപ്പോൾ ഇരുവശങ്ങളിലേക്ക് മടക്കി വെക്കാനും സാധിക്കുന്ന വിധത്തിലാണ് ഫോൾഡിംഗ് റൂഫ് സ്ഥാപിക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പടിപൂജ മഴ പെയ്യുമ്പോൾ ടാർപ്പോളിൻ കെട്ടിയ ശേഷമാണ് നടത്താറുള്ളത്. പുതിയ മേൽക്കൂരകൾ സജ്ജമാകുന്നതോടെ ഇത് കുറച്ചു കൂടി എളുപ്പമാകും. ഇതിന് പുറമെ സ്വർണം പൂശിയ പതിനെട്ടാംപടിയുടെ സംരക്ഷണവും ഉറപ്പ് വരുത്താനാകുന്നു. മേൽക്കൂര സ്ഥാപിക്കുന്നതിന് മുന്നോടിയായി കൊത്ത് പണികൾ കഴിഞ്ഞ കൽത്തൂണുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇനി മേൽക്കൂരയ്‌ക്ക് ആവശ്യമായ ഗ്ലാസിന്റെ നിർമ്മാണമാണ് ബാക്കിയുള്ളത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വഴിപാടായാണ് ഫോൾഡിംഗ് റൂഫ് പണി കഴിപ്പിക്കുന്നത്. മുമ്പ് പതിനെട്ടാംപടിക്ക് മുകളിൽ കണ്ണാടി മേൽക്കൂര സ്ഥാപിച്ചെങ്കിലും ദേവപ്രശ്‌നത്തിൽ കൊടിമരത്തിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നില്ലെന്ന് കണ്ടതോടെ പൊളിച്ചുമാറ്റിയിരുന്നു.