പമ്പ: മധുരയില്‍ നിന്നെത്തിയ 11 വയസ്സുള്ള കുട്ടി അച്ഛന്റെ കൈപിടിച്ചാണ് പതിനെട്ടാംപടി വരെ എത്തിയത്. തിരക്കില്‍ കൈവിട്ടുപോയി. അച്ഛനെയും ഒപ്പമുള്ളവരെയും തേടി കുട്ടി അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഒപ്പമുള്ളവരുടെ കൂടെ കുട്ടി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അച്ഛന്‍ പടികയറി ദര്‍ശനത്തിനായി നീങ്ങി. മേല്‍പാലത്തില്‍ വലിയ തിരക്കും.അച്ഛനെ കാണാതെ വന്നതോടെ കുട്ടി കരയാന്‍ തുടങ്ങി. എന്‍ഡിആര്‍എഫും പൊലീസും ഓടിയെത്തി. അവനെ എടുത്ത് ആശ്വസിപ്പിച്ചു. ബിസ്‌കറ്റ് നല്‍കി. പക്ഷേ അവന്‍ കരച്ചില്‍ നിര്‍ത്താതെ വന്നതോടെ അവരും സങ്കടത്തിലായി. ഒരുവിധത്തില്‍ പേരും അച്ഛന്റെ പേരും സ്ഥലവും അവര്‍ ചോദിച്ചു മനസ്സിലാക്കി. വയര്‍ലെസ് സന്ദേശം നല്‍കി ഉച്ചഭാഷിണിയിലൂടെ പലതവണ വിളിച്ചുപറഞ്ഞു. ദര്‍ശനത്തിനുള്ള തിരക്കില്‍ നിന്ന് അച്ഛന്‍ ഒരുവിധത്തില്‍ പുറത്തിറങ്ങി പടിക്കല്‍ എത്തി.കുട്ടിയെ ഏറ്റുവാങ്ങി.
ഇത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കൂട്ടുപിരിയുന്ന കുട്ടികളുടെ രക്ഷിതാക്കളെ വേഗത്തില്‍ കണ്ടെത്താന്‍ പൊലീസ് ടാഗ് ഏര്‍പ്പെടുത്തി. ഒപ്പമുള്ളവരുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ ടാഗ് ആണ് പമ്പയില്‍ വനിത പൊലീസ് കുട്ടികളുടെ കയ്യില്‍ കെട്ടിവിടുന്നത്. ഇത് കെട്ടാതെ വന്ന കുട്ടിയാണ് കൂട്ടുപിരിഞ്ഞപ്പോള്‍ രക്ഷിതാവിനെ കണ്ടെത്താന്‍ വിഷമിച്ചത്. കുട്ടികളുമായി മല കയറുന്നവര്‍ ഫോണ്‍നമ്പര്‍ അടയാളപ്പെടുത്തിയ ടാഗ് മറക്കാതെ കുട്ടികളുടെ കയ്യില്‍ അണിയിക്കണം. വിഷമ സാഹചര്യം ഉണ്ടായാല്‍ പരിഭ്രാന്തരാകാതെ പൊലീസിനോട് മാത്രം സഹായം ആവശ്യപ്പെടാന്‍ പറയുക.