പത്തനംതിട്ട : ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍ 14432. പമ്പയുള്‍പ്പെടെ കുളിക്കടവുകളില്‍ ആറുഭാഷകളിലായി സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളില്‍ സുരക്ഷാ ക്യാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കും. റോഡുകളില്‍ അനധികൃത പാര്‍ക്കിങ്ങും തടികള്‍ മുറിച്ചിടുന്നതും നിരോധിച്ചു. പമ്പയിലും സന്നിധാനത്തും ഓരോ മണിക്കൂര്‍ ഇടവിട്ട് കുടിവെള്ള പരിശോധനയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി സേവനം നിലയ്ക്കലും പമ്പയിലുമുണ്ടാകും. ഹോട്ടല്‍ തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കും. കൃത്യമായ അളവ് തൂക്ക പരിശോധനയുണ്ടാകും. എക്സൈസ് കണ്ട്രോള് റൂം അടൂരും കോന്നിയിലും പ്രവര്‍ത്തിക്കും. 450 ഓളം ബസുകള്‍ കെഎസ്ആര്‍ടിസി നിരത്തിലിറക്കും. 241 ബസുകള്‍ നിലയ്ക്കല്‍- പമ്പ സര്‍വീസ് നടത്തും. പമ്പയില്‍ തുണി ഒഴുക്കുന്ന വിശ്വാസത്തിന്റെ ഭാഗമല്ല എന്ന അവബോധം നല്‍കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പൊലിസ് മേധാവി വി. ജി. വിനോദ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.