സചിവോത്തമപുരം ആശുപത്രിയുടെ വികസനമുരടപ്പിന്‍റെ ഉത്തരവാദി സര്‍ക്കാര്‍ : ആശുപത്രി സംരക്ഷണസമിതി ധർണ്ണ നടത്തി

കുറിച്ചി : സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ ഇതുവരെയുള്ള തകര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മറ്റിയും എം.എല്‍.എയും പള്ളം ബ്ലോക്ക് പഞ്ചായത്തുമാണെന്ന് ആശുപത്രി സംരക്ഷണ സമിതി കുറ്റപ്പെടുത്തി. ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന സ്ത്രീ-പുരുഷ-കുട്ടികളുടെ വാര്‍ഡുകളും ലാബും ലേബര്‍ റൂമും ആംബുലന്‍സ് സൗകര്യവും പുനസ്ഥാപിക്കണമെന്നും ആശുപത്രിയുടെ വികസനത്തില്‍ അധികാരികള്‍ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി പടിക്കല്‍ ബഹുജനധര്‍ണ്ണ സംഘടിപ്പിച്ചു

Advertisements

ആശുപത്രിയില്‍ മുന്‍പുണ്ടായിരുന്ന ഓടിട്ട കെട്ടിടങ്ങള്‍ക്ക് ചോര്‍ച്ച വീണതിനെതുടര്‍ന്ന് 2010 ല്‍ 10 ലക്ഷം രൂപ ചെലവഴിച്ച് ജി.ഐ. ഷീറ്റ് ഇട്ട് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. പിന്നീട് യാതൊരു കുഴപ്പവുമില്ലാതിരുന്ന ഇവിടെ നാലു വര്‍ഷം മുന്‍പ് വരെ കിടത്തി ചികിത്സ നടത്തിയിരുന്നു. കാലപ്പഴക്കത്തിന്‍റെ പേരില്‍ ഈ രണ്ടുകെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയിട്ട് ഇപ്പോള്‍ രണ്ടര വര്‍ഷമായി. ഇതുവരെ അതിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഒരു വാര്‍ഡ് പൊളിച്ചു നീക്കുമ്പോള്‍ പകരം സംവിധാനം ഉറപ്പാക്കണമെന്ന സാമാന്യബുദ്ധിപോലും അധികാരികള്‍ നടത്തിയില്ല. ആ സ്ഥിതിക്ക് ഇവിടെ മെഡിക്കല്‍ കോളേജിനെ വെല്ലുന്ന സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമെന്നുള്ള എം.എല്‍.എയുടെയും എച്ച്.എം.സിയുടെയും വാഗ്ദാനങ്ങള്‍ മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നങ്ങള്‍ മാത്രമാകും കാലപ്പഴക്കത്താല്‍ ജീര്‍ണ്ണിച്ച കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയതെന്ന് പറഞ്ഞ എം.എല്‍.എ., 150 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുറിച്ചി സി.എം.എസ്. എല്‍.പി. സ്കൂളിന്‍റെയും സെന്‍റ് തോമസ് ഹൈസ്കൂളിന്‍റെയും സചിവോത്തമപുരം പോസ്റ്റോഫീസിന്‍റെയും കെട്ടിടങ്ങള്‍ ഇപ്പോഴും യാതൊരു കുഴപ്പവുമില്ലാതെ നിലനില്‍ക്കുന്നുവെന്ന കാര്യം മനസ്സിലാക്കണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നീതി ആയോഗിന്‍റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആണ് കേരളത്തിലെ ആരോഗ്യ രംഗം എന്ന് പറയുന്നവർ കമ്മ്യുണിറ്റി ഹെൽത്ത് സെന്‍റർ പദവിയുള്ള ഈ ആശുപത്രിയെ വെറും ഡിസ്പെൻസറിയാക്കി മാറ്റിയതിനെക്കുറിച്ച് ഒരു പത്രക്കുറുപ്പിലൂടെ പോലും മറുപടി പറയാതിരുന്നതെന്താണ്. ഏറ്റവും കുറഞ്ഞത് 7 ഡോക്ടർമാരെങ്കിലും ഉണ്ടാകേണ്ട ഈ ആശുപത്രിയിൽ ഒരു ഡോക്ടർ പോലും സ്ഥിരമായി ഇല്ല എന്നതാണ് വാസ്തവം. രാവിലെ ഒ.പി സമയം കഴിഞ്ഞാൽ ഉച്ചയാകുമ്പോള്‍ അടച്ചുപൂട്ടി പോകുന്ന കേരളത്തിലെ ഒരേയൊരു സി.എച്ച്.സിയാണ് സചിവോത്തമപുരത്ത് പ്രവര്‍ത്തിക്കുന്നത്.

സാംക്രമിക രോഗങ്ങള്‍ ചികിത്സിക്കാനുള്ള ഐസലേഷന്‍ വാര്‍ഡ് പണിയുമ്പോള്‍ ആ കെട്ടിടത്തിന്‍റെ മുകളിലേക്കോ സമീപത്തോ കെട്ടിടങ്ങള്‍ പണിയരുതെന്ന് ലോകാരോഗ്യസംഘടനയുടെ നിര്‍ദ്ദേശമുണ്ടെന്ന് അവകാശപ്പെടുന്ന എം.എല്‍.എ., ഈ ഐസ ലേഷന്‍ വാര്‍ഡിനോട് ചേര്‍ന്ന് 2014 ല്‍ ഒരു കോടി രൂപ മുടക്കി പണിത ഇപ്പോഴത്തെ ഒ.പി. ബ്ലോക്ക് നിലനിര്‍ത്തമോ എന്ന് വ്യക്തമാക്കണം. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലേക്ക് മാത്രമേ സാംക്രമികരോഗ വൈറസ് വ്യാപിക്കൂ എന്നുണ്ടോ. തൊട്ടടുത്തുള്ള കെട്ടിടങ്ങളിലേക്കും വൈറസ് പടരില്ലെന്ന് ഉറപ്പു പറയാന്‍ കഴിയുമോ. ആ സ്ഥിതിക്ക് മൂന്നടി വ്യത്യാസം പോലുമില്ലാത്ത നിലയില്‍ ഒരു മതിലിനപ്പുറത്തുള്ള മൂന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരില്ലേ. വെറും 60 സെന്‍റ് സ്ഥലം പോലുമില്ലാത്ത ഇവിടെ വൈറസ് ബാധയേല്‍ക്കാത്ത നിലയില്‍ ഇനിയെങ്ങനെ മറ്റ് കെട്ടിടങ്ങള്‍ പണിയുമെന്നും വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജനവാസ മേഖലയിലും തിരക്കേറിയ എം.സി റോഡിനു സമീപത്തും സാംക്രമി ക രോഗികളെ ചികിത്സിക്കുന്ന ഐസലോഷന്‍ വാര്‍ഡുകള്‍ സ്ഥാപിച്ചതിലൂടെ കുറിച്ചിയിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. നിയോജകമണ്ധലത്തിലെ ജനത്തിരക്കുകുറഞ്ഞ മറ്റെവിടെയെങ്കിലുമോ കുറിച്ചി ഹോമിയോ ആശുപത്രിയുടെ കോമ്പൗണ്ടിലോ സ്ഥാപിക്കേണ്ടിയിരുന്ന ഈ ഐസലേഷന്‍ വാര്‍ഡ് സചിവോമത്തമപുരം ആശുപത്രിയില്‍ സ്ഥാപിച്ചത് ഈ ആശുപത്രിയെ ക്രമേണ ഇല്ലാതാക്കുക എന്ന ഗുഢലക്ഷ്യത്തോടെയാണെന്നും യോഗം വിലയിരുത്തി. സാംക്രമിക രോഗങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ ഈ ഐസലേഷന്‍ വാര്‍ഡ് മറ്റ് രോഗികള്‍ക്കായി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍, ഇതിനുവേണ്ടിയുള്ള സ്ഥലം എന്നന്നേക്കുമായി നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇത് ആശുപത്രിയുടെ ഭാവി വികസനത്തെ സാരമായി ബാധിക്കും.

ആശുപത്രിയില്‍ മുന്‍പുണ്ടായിരുന്ന ഒരു ആംബുലന്‍സ് ശബരിമല സേവനത്തിന് പോയിട്ട് ഇതുവരെ തിരിച്ചെത്തിയില്ലെന്ന വിവരം എം.എല്‍.എയും എച്ച്.എം.സി.ക്കാരും അറിഞ്ഞില്ലേയെന്നും നേതാക്കള്‍ ചോദിച്ചു.

ഒന്നേകാൽ കോടി രൂപയ്ക്ക് പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടം പണിയുന്നവർ, എങ്ങനെയാണ് പത്ര ക്കുറുപ്പിൽ പറഞ്ഞിരിക്കുന്നത് പോലെ, 2.42 കോടി രൂപയ്ക്ക്, പൊളിച്ചു കളഞ്ഞ മൂന്ന് ഐ പി വാർഡുകൾക്ക് പകരം മൂന്ന് കോൺക്രീറ്റ് ബിൽഡിങ്ങുകളും അതിന് ഉള്ളിൽ ആവശ്യമായ ഉപകരണങ്ങളും സ്ഥാപിക്കുവാൻ കഴിയുന്നത് ? ഈ ആശുപത്രിയുടെ ഗുണനിലവാരം ഉയർത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിന് നിരക്കും വിധം ആകുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സമിതി നേതാക്കൾ പ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ ആശുപത്രി സംരക്ഷണ സമിതി ചെയർമാൻ ഡോ. ബിനു സചിവോത്തമപുരം അധ്യക്ഷത വഹിച്ചു. സമിതി കൺവീനർ എൻ.കെ. ബിജു വിഷയാവതരണം നടത്തി.

വി.ജെ.ലാലി, ജയ്മോൻ സി.പി, പ്രസന്നൻ ഇത്തിത്താനം, സി. എസ്.സുധീഷ്, എൻ. ഡി.ബാലകൃഷ്ണൻ, സുരേന്ദ്രൻ സുരഭി, ടി. എസ്. സലിം, സി.വി. രാജപ്പൻ, രമേശ് അഞ്ചലശേരി, പ്രേംസാഗർ, അരുണ്‍ ബാബു, പി.വി. മോഹനന്‍, റ്റിബി തോമസ്, സുജാത ബിജു,നിജുമോന്‍ വി.ജെ. മിനി സാബു എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.