കോഴിക്കോട്: സമസ്തയിലെ യുവ നേതാക്കളെ ജാമിയ നൂരിയ്യ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയ സംഭവത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് കത്ത് നല്കി ഒരു വിഭാഗം പ്രവര്‍ത്തകര്‍. വേദനിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചതെന്ന് കത്തില്‍ പറയുന്നു. യുവ നേതാക്കളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നും എസ്കെഎസ്എസ്എഫ്, എസ്വൈഎസ് ഭാരവാഹികളടങ്ങിയ സംഘം നല്കിയ കത്തില്‍ പറയുന്നുണ്ട്. സമ്മേളന നഗരിയില്‍ വെച്ചാണ് സാദിഖലി തങ്ങള്‍ക്ക് കത്തു നല്‍കിയത്. സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന യുവ നേതാക്കളെ പട്ടിക്കാട് ജാമിയ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് മുഈനലി തങ്ങള്‍ ഇന്നലെ രംഗത്തെത്തിയിരുന്നു.
മുന്‍ വര്‍ഷങ്ങളിലേത് പോലെ സമസ്തയിലെ എല്ലാവര്ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ജാമിയ നൂരിയ വാര്‍ഷിക സമ്മേളനത്തിന്റ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും വേദിയിലിരുത്തിയായിരുന്നു മു ഈനലി തങ്ങളുടെ പരാമര്‍ശം. എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയ നേതാക്കളെ പട്ടിക്കാട് ജാമിയ നൂരിയാ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതിനെ ചൊല്ലി സമസ്തയില്‍ ചേരി പോര് രൂക്ഷമാണ്. ഇതിനിടയിലാണ് ജാമിയാ നൂരിയ വാര്‍ഷിക സമ്മേളനത്തിന് കൊടിയുയര്‍ന്നത്.
ജാമിഅഃ നൂരിയാ അറബിക് കോളേജില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പാണക്കാട് സാദിഖലി തങ്ങള്‍ വിവാദ വിഷയം പരാമര്‍ശിച്ചില്ല. എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളെ വേദിയില്‍ ഇരുത്തിയാണ് ഒരു വിഭാഗം സമസ്ത നേതാക്കളെ ഒഴിവാക്കിയതിലുള്ള വിഷമം പാണക്കാട് മു ഈനലി തങ്ങള്‍ പ്രകടിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമസ്തയിലെ എല്ലാ നേതാക്കള്‍ക്കും ഇത്തവണ വരാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത ജനറല്‍ സെക്രട്ടറി ആലി കുട്ടി മുസ്ലിയാര് ഉള്‍പ്പെടെയുള്ളവരും സമ്മേളനത്തിനെത്തിയിരുന്നു. അതേസമയം, യുവ നേതാക്കളെ ഒഴിവാക്കിയതില്‍ പോഷക സംഘടനകളുടെയും ജാമിഅഃ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളുടെയും പ്രാദേശിക ഘടകങ്ങള്‍ പ്രതിഷേധം തുടരുകയാണ്. സാദിഖ് അലി തങ്ങള്‍ ഉള്‍പ്പെടെ ഉള്ള ലീഗ് നേതാക്കള്‍ ഇടപെട്ടാണ് സമസ്തയിലെ യുവനേതാക്കളെ ഒഴിവാക്കിയതെന്ന ആരോപണമാണ് ഇവരുയര്‍ത്തുന്നത്. എന്നാല്‍, യുവനേതാക്കളെ ഒഴിവാക്കിയ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സമ്മേളനം തുടങ്ങുന്നതിനു മുമ്ബേ സാദിഖലി തങ്ങള്‍ നടത്തിയ പ്രതികരണം. സിഐ സി വിവാദം, വഖഫ് ബോര്‍ഡ് നിയമനം തുടങ്ങി അടുത്തിടെയുണ്ടായ പല വിഷയങ്ങളിലും സമസ്തയിലെ ലീഗ് വിരുദ്ധരെടുത്ത നിലപാടുകള്‍ ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.