കോഴിക്കോട്: സഹപാഠികളുടെ മർദനത്തിൽ കൊല്ലപ്പെട്ട ഷഹബാസിൻ്റെ കൊലപാതകത്തിൽ ആരോപണ വിധേയരായ കുട്ടികളെ വെള്ളിമാടുകുന്നു ജുവൈനൽ ഹോമിൽ തന്നെ പരീക്ഷ എഴുതിക്കാൻ ആലോചന. പ്രതിപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് നീക്കം. ജുവൈനൽ ഹോമിൻ്റെ അടുത്തുള്ള സ്കൂളുകളിൽ എഴുതിക്കാനായിരുന്നു ആലോചന. എന്നാൽ പ്രതിഷേധം കനക്കുകയായിരുന്നു.
ജുവൈനൽ ഹോമിലേക്ക് എംഎസ്എഫ് നടത്തിയ പ്രവർത്തകരുടെ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി. ജുവൈനൽ ഹോമിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ്യു നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ജുവനൈൽ ഹോമിൻ്റെ മതിൽ ചാടിക്കടന്നായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ പൊലീസ് തടഞ്ഞു.