നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് “സൃഷ്ടി” സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം

കോട്ടയം : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സാങ്കേതിക കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ നൂതനാശയങ്ങളുടെ പൂരക്കാഴ്ചയൊരുക്കി സെന്റ്ഗിറ്റ്സ് “സൃഷ്ടി” സാങ്കേതിക മേളയ്ക്ക് കൊടിയിറക്കം. തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന  “സൃഷ്ടി 2022 “- എട്ടാമത്  അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം അക്ഷരാർത്ഥത്തിൽ ഇന്നൊവേഷൻ സംഗമമായി മാറുകയായിരുന്നു.

Advertisements

ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലൂടെ  ആവശ്യക്കാരുടെ അഭിരുചി അനുസരിച്ചു് വിവിധ രൂപത്തിലും വലിപ്പത്തിലും ചോക്കളേറ്റ് ബാറുകൾ സൃഷ്ടിച്ച് തമിഴ്‌നാട് കോയമ്പത്തൂർ ശ്രീരാമകൃഷ്ണ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ കാഴ്ചക്കാരുടെ മനസ്സ് കീഴടക്കി. മോസ്റ്റ് പോപ്പുലർ അവാർഡ് നേടിയാണ് ഈ മിടുക്കർ മേള വിടുന്നത്. കൂടാതെ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ഓടകളിലെ മാലിന്യങ്ങളും തടസ്സങ്ങളും മാറ്റാനുള്ള സംവിധാനവും ഇതേ കോളേജിലെ മറ്റൊരു സംഘം അവതരിപ്പിച്ചു.സാധാരണ ഡ്രോണുകളുടെ പരിമിതികൾ മറികടക്കുന്ന മൾട്ടിപർപ്പസ് ഡ്രോണുകളുമായിവന്ന തമിഴ്‌നാട് കൊമരപാളയം എക്‌സൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ കൈയടി നേടി. കൂടുതൽ ഭാരം ഉയർത്തി ഉയരങ്ങളിൽ പറക്കാൻ കഴിയുന്ന ഇവയ്ക്ക്  വെള്ളപ്പൊക്ക സമയത്തും രക്ഷാപ്രവർത്തനങ്ങൾക്കും ഡെലിവറി സംവിധാനങ്ങൾക്കും സമർത്ഥമായി ഇടപെടാൻ കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാംഗ്ലൂരിലെ ഗ്ലോബൽ അക്കാദമി ഓഫ് ടെക്‌നോളജിയിലെ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച സോളാറിൽ ചാർജ് ചെയ്യുന്ന ഒട്ടോറിക്ഷയായിരുന്നു മറ്റൊരു കൗതുകം. രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടങ്ങുന്ന സംഘം വികസിപ്പിച്ചെടുത്ത ഓട്ടോ, മുകൾ ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന സോളാർപാനലിൽ നിന്നുമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.സീറ്റിനടിയിലുള്ള ബാറ്ററിയിൽ ചാർജ് ശേഖരിക്കുന്ന ഓട്ടോയ്ക്ക് 100 കിലോമീറ്റർ ഫുൾചാർജിൽ ഓടാമെന്ന് വിദ്യാർഥികൾ പറയുന്നു.

തക്കാളി ഉൾപ്പടെയുള്ള പഴങ്ങളിലെ കേടുകൾ മെഷീൻ ഉപയോഗിച്ച് കണ്ടുപിടിക്കുവാനുള്ള യന്ത്രവുമായാണ് കേരളം യൂണിവേഴ്‌സിറ്റി ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ ഫുഡ് ടെക്‌നോളജി വിദ്യാർത്ഥിനികൾ എത്തിയത്.പോണ്ടിച്ചേരി മനകുള വിനയഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർഥികൾ രക്തം പൊടിയാതെ ഷുഗർലെവൽ അളക്കാനുള്ള ഉപകരണവുമായാണ് മത്സരിക്കാൻ എത്തിയത്. റോബോട്ടിനെ ഉപയോഗിച്ച് സാനിറ്റൈസർ തളിപ്പിക്കാനുള്ള സജ്ജീകരണങ്ങളാണ് കൊല്ലം ടി.കെ.എം. ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി സദസ്സിനെ പരിചയപ്പെടുത്തിയത്.

“ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്”

“സൃഷ്ടി 2022”- എട്ടാമത്  അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനത്തിൽ ഏറ്റവും മികച്ച പ്രോജക്ടിനുള്ള ഒരു ലക്ഷം രൂപയുടെ   “ബെസ്റ്റ് ഇന്നൊവേഷൻ അവാർഡ്”  കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ  വിദ്യാർഥികളായ എൻ.പി.ധാരണീകൃഷ്ണ,എസ്. രമ്യ, സുഗണേശ്വരൻ എന്നിവർ രൂപകൽപനചെയ്ത ‘സ്മാർട്ട് ഓട്ടോമാറ്റിക് യൂണിവേഴ്‌സൽ മെഡിസിൻ വെൻഡിംഗ് മെഷീനിന്’ ലഭിച്ചു.  മികച്ച ഗൈഡിനുള്ള പുരസ്കാരം ഇവരുടെ മെൻറ്റർ ആയ ഡോ. എ.കെ. പ്രിയ നേടി. മികച്ച സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ടതും  കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി തന്നെയാണ്.

കെമിക്കൽ വിഭാഗത്തിൽ ആർ.വി.കോളേജ് ഓഫ് എൻജിനീയറിംഗ് കർണാടക, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് വിഭാഗത്തിൽ ഫ്രാൻസിസ് സേവ്യർ എൻജിനീയറിംഗ് കോളേജ് തിരുനെൽവേലി,,സിവിൽ വിഭാഗത്തിൽ ബി.വി. രാജു ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി തെലങ്കാന, കംപ്യുട്ടർ സയൻസ് വിഭാഗത്തിൽ തൃശൂർ സഹൃദയ കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജി, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിൽ കോയമ്പത്തൂർ കെ.പി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ഇലക്ട്രിക്കൽ വിഭാഗത്തിൽ ഹൈദരാബാദ് മല്ലാറെഡ്ഢി കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് ടെക്നോളജി, ഫുഡ് ടെക്നോളജി വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്, റോബോട്ടിക്‌സ് വിഭാഗത്തിൽ ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി, മാറ്റ്ലാബ് വിഭാഗത്തിൽ ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ്, അൻസിസ്‌ വിഭാഗത്തിൽ കോയമ്പത്തൂർ ശ്രീരാമകൃഷ്ണ എഞ്ചിനീയറിംഗ്  കോളേജ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, തീം വിഭാഗങ്ങളിൽ ചെന്നൈ വേലമ്മാൾ എഞ്ചിനീയറിംഗ് കോളേജ്, അനലറ്റിക്കൽ, സോളിഡ് വർക്ക്‌സ് വിഭാഗങ്ങളിൽ കോഴിക്കോട് കെ.എം.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ് തുടങ്ങിയവർ  ജേതാക്കളായി. മികച്ച ബിസിനസ് പ്ലാൻ പുരസ്‌കാരം കോയമ്പത്തൂർ ശ്രീരാമകൃഷ്ണ എഞ്ചിനീയറിംഗ് കോളേജിനാണ്. ചെന്നൈ ശ്രീ വെങ്കിടേശ്വരാ കോളേജ് ഓഫ് എൻജിനീയറിംഗ് മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

സൃഷ്ടിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘സമീക്ഷ’  പോസ്റ്റർ പ്രെസൻറ്റേഷൻ മത്സരത്തിൽ കോട്ടയം മരിയൻ സീനിയർ സെക്കണ്ടറി സ്‌കൂൾ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി.സേക്രഡ് ഹാർട്ട് പബ്ലിക് സ്‌കൂൾ കോട്ടയം രണ്ടാം സ്ഥാനവും സെന്റ്.അൽഫോൻസാ പബ്ലിക് സ്‌കൂൾ അരുവിത്തുറ പ്രത്യേക പുരസ്കാരവും നേടി.

സെന്റ്ഗിറ്റ്സ് ഡയറക്ടർ തോമസ്.ടി.ജോൺ  ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. സെന്റ്ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ്  പ്രിൻസിപ്പൽ  ഡോ. ജോസഫ് കുഞ്ഞുപോൾ,എക്സിക്യുട്ടിവ് ചെയർമാൻ പുന്നൂസ് ജോർജ്, മാത്ത് വർക്‌സ്  ടെറിറ്ററി മാനേജർ വിനയ് സുബ്രഹ്മണ്യ , കേലചന്ദ്ര മെഷീൻസ് ഉടമ ഫിലിപ്പ് തോമസ്, കോതമംഗലം എം.എ കോളേജ് ഓഫ് എഞ്ചിനീയറിങ്  പ്രൊഫസർ ഡോ. വിനോദ്‌കുമാർ ജേക്കബ്, സ്പീക് ആപ്പ് സി.ഇ.ഓ അലൻ അബ്രഹാം, സൃഷ്ടി ചീഫ് കോർഡിനേറ്റർ ഡോ സുരേഷ് ബാബു എം, സ്റ്റുഡന്റ് കോർഡിനേറ്റർ ദിയാ സാറാ പോൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

ഇന്ത്യയിലെ പതിനേഴോളം  സംസ്ഥാനങ്ങളിലെ മുൻനിര സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആധുനിക സാങ്കേതിക ആവിഷ്കാരങ്ങൾ പ്രദർശനത്തെ ആകർഷകമാക്കി. സ്കൂൾ കോളേജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വ്യവസായികൾ,അധ്യാപകർ,സംരംഭകർ,പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ സൃഷ്ടി പ്രദർശനം ആസ്വദിച്ചു . കേരളാ സ്റ്റാർട്ട്‌-അപ് മിഷൻ (Kerala Startup Mission),  സെന്റ്ഗിറ്റ്സ് സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പ്, സെന്റ്ഗിറ്റ്സ് സെന്റർ ഫോർ ഇന്നൊവേഷൻ & എന്റർപ്രണർഷിപ് (SCIE) എന്നിവരുമായി സഹകരിച്ചാണ്  “സൃഷ്ടി” സംഘടിപ്പിച്ചത്.

Hot Topics

Related Articles