കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂര്‍ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയ സജി ചെറിയാന് വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങള്‍ പിൻവലിക്കുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിഷപ്പുമാര്‍ക്കെതിരായ പ്രസ്താവനയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി സജി ചെറിയാന് രംഗത്തെത്തിയത്.
ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ വര്‍ഷം 700 ഓളം ആക്രമണങ്ങള്‍ നടന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അക്രമം കൂടുതല്‍ നടന്നത്. ബിജെപി ഭരിച്ച 9 വര്‍ഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വര്‍ധിച്ചു. ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കണക്കില്‍ ഇന്ത്യ ഒൻപതാമതാണ്. മണിപ്പൂരിലെ സംഘര്‍ഷം തടയുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും സജി ചെറിയാന് പറഞ്ഞു. മോദി മണിപ്പൂര്‍ സന്ദര്‍ശിക്കുകയോ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയോ ചെയ്തില്ല. കൂടാതെ മുസ്ലിം സമുദായങ്ങള്‍ക്കെതിരെയുള്ള ആക്രമണം തുടര്‍ക്കഥയാണെന്നും സജി ചെറിയാന് പറഞ്ഞു. ഇതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും ആരാധാനാലയങ്ങള്‍ക്കും എതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ നിലപാട് പറയാത്തത് എന്തെന്നും അദ്ദേഹം ചോദിച്ചു.