ആലപ്പുഴ: എംഎല്‍എ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസില്‍ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും. എഫ്‌ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും മന്ത്രി പറഞ്ഞു. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചു.
പ്രതിഭയുടെ മകനും സുഹൃത്തുക്കളും വർത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. പ്രതിഭയുടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. മകൻ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു പ്രതിഭ എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണന എങ്കിലും നല്‍കേണ്ടയെന്നും സജി ചെറിയാൻ പറഞ്ഞു. യു പ്രതിഭയെ വർഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലെ മികച്ച എംഎല്‍എമാരില്‍ ഒരാളാണ് യു പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായംകുളത്ത് നടന്ന എസ് വാസുദേവൻ പിള്ള രക്തസാക്ഷി ദിന പരിപാടിയില്‍ യു പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.