സചിവോത്തമപുരം സാമൂഹ്യ ആര്യോഗ്യകേന്ദ്രത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു സംരക്ഷിക്കണം – ഡോ. ബിനു സചിവോത്തമപുരം

സചിവോത്തമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു സംരക്ഷിക്കണമെന്ന് അധ്യാപകനും ഗവേഷകനും എഴുത്തുകാരനുമായ ഡോ. ബിനു സചിവോത്തമപുരം. തിരുവതാംകൂറിലെ ആദ്യത്തെ പട്ടികജാതി കോളനിയായ സചിവോത്തമപുരം കോളനിയോടനുബന്ധിച്ച് സ്ഥാപിച്ചതാണ് സചിവോത്തമപുരം സാമൂഹ്യ ആര്യോഗ്യകേന്ദ്രം. കിടത്തി ചികിത്സയും ഇരുപത്തിനാല് മണിക്കൂർ ഡോക്ടറുടെ സേവനമുൾപ്പെടെ അത്യാവശ്യം മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ ആശുപത്രിയുടെ അവസ്ഥ ഇപ്പോൾ പരിതാപകരമാണ്. കിടത്തി ചികിത്സ പൂർണ്ണമായും നിർത്തലാക്കുകയും ഉച്ചവരെയുള്ള ഒ.പി. ചികിത്സ മാത്രമായി ആശുപത്രിയുടെ പ്രവർത്തനം ചുരുക്കുകയും ചെയ്തിരിക്കുന്നു. ഇതിനെതിരെ കഴിഞ്ഞ മെയ് മാസം മുതൽ നാട്ടുകാർ ജനകീയ സമിതിയുണ്ടാക്കി സമരത്തിലാണ്. ഈ സാഹചര്യത്തിലാണ് നവോത്ഥാന പൈതൃകം പേറുന്ന സചിവോത്തമപുരം സി.എച്ച്.സി.യെ ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്ന ആവശ്യമായി ഡോ. ബിനു സചിവോത്തമപുരം രംഗത്തെത്തിയത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത് ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

Advertisements

ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

“കുറിച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആശ്രയമാണ് കുറിച്ചി മന്ദിരം ആശുപത്രി എന്ന് വിളിപ്പേരുള്ള സചിവോത്തമപുരം സാമൂഹ്യ ആര്യോഗ്യകേന്ദ്രം. നവോത്ഥാന ചരിത്രത്തിൻ്റെ ചരിത്ര സ്മാരകം കൂടിയാണ് ഈ ആശുപത്രി. തിരുവതാംകൂറിലെ ആദ്യത്തെ പട്ടികജാതി കോളനിയാണ് സചിവോത്തമപുരം കോളനി. 75 സെൻ്റ് സ്ഥലവും വീടും താമസക്കാർക്ക് നൽകി. കൂടാതെ കോളനിയോടനുബന്ധിച്ച് പാഠശാല, ആശുപത്രി, അമ്പലം, പോലീസ് ഔട്ട്പോസ്റ്റ്, കളിസ്ഥലം, കൃഷിക്കും കാലി വളർത്തലിനും ഉള്ള സൗകര്യങ്ങൾ എന്നിങ്ങനെ സ്വയം സമ്പൂർണ്ണമായ റെസിഡെൻഷ്യൽ ഏരിയ ആയിരുന്നു സചിവോത്തമപുരം കോളനി. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്താണ് ഇത് സ്ഥാപിച്ചത്. സി.പി.യുടെ പിറന്നാൾദിനം കോളനിയിൽ വലിയ ആഘോഷമായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അയ്യൻകാളി, ടി.ടി.കേശവൻ ശാസ്ത്രി, ആനന്ദൻ ഐസക്ക് തുങ്ങിയവർ കോളനിയുടെ സ്ഥാപനത്തിനും അതിൻ്റെ തുടർപ്രവർത്തനത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കോളനിയോടനുബന്ധിച്ച് സ്ഥാപിച്ച സ്ഥാപനങ്ങളെല്ലാം പിന്നീട് നാട്ടിലെ ജനങ്ങളുടെ പൊതുസ്വത്തായി മാറി. അതിലേറ്റവും പ്രധാനപ്പെട്ടതാണ് 1936-ൽ സ്ഥാപിച്ച കുറിച്ചി മന്ദിരം ആശുപത്രി. കാലാനുസൃതമായ വികസനങ്ങൾ ആശുപത്രിയിലുണ്ടായി. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും കിടത്തി ചികിത്സയ്ക്കു വേണ്ടി വെവ്വേറെ വാർഡുകളുണ്ടായി. 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭ്യമായിരുന്നു. പ്രസവവാർഡ് ഉണ്ടായിരുന്നു. നാട്ടിലെ ഭൂരിപക്ഷം പേരും പിറന്നത് കുറിച്ചി ആശുപത്രിയിലായിരുന്നു. പകർച്ചവ്യാധി ചികിത്സ, വിഷചികിത്സ, ലാബ് സൗകര്യം, മിനി ഓപ്പറേഷൻ തീയേറ്റർ എന്തിനധികം പോസ്റ്റ്മാർട്ടം ചെയ്യാനുള്ള സൗകര്യങ്ങൾ വരെ ഇവിടെയുണ്ടായിരുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് 23 പട്ടികജാതി സെറ്റിൽമെൻ്റ് കോളനികൾ കുറിച്ചിയിലുണ്ട്. ദലിതരും മറ്റ് പിന്നോക്കക്കാരുമടങ്ങുന്ന ദരിദ്രരും അതിദരിദ്രരുമായ നിരവധി പേർ പാർക്കുന്ന സ്ഥലമാണ് കുറിച്ചിയും പരിസരപ്രദേശങ്ങളും. കുറിച്ചിക്കാരുടെ മാത്രമല്ല; വാഴപ്പള്ളി, മലകുന്നം, പനച്ചിക്കാട്, കൈനടി, കാവാലം,, നാരകത്ര, ചിങ്ങവനം തുടങ്ങി വളരെയധികം ജനസാന്ദ്രതയുള്ള പ്രവേശനത്തെ ഏക ആശ്രയമാണ് ഈ സർക്കാർ ആശുപത്രി. കോട്ടയത്തിനും ചങ്ങനാശ്ശേരിക്കുമിടയിൽ MC റോഡ് സൈഡിലുള്ള ഏക സർക്കാർ ആശുപത്രി. നിരന്തരം അപകടങ്ങളുണ്ടാകുന്ന ഈ പ്രദേശത്ത് ഇപ്പോൾ ഒരു ട്രോമോകെയർ സംവിധാനമോ; 108 ആംബുലൻസ് സേവനമോ ലഭ്യല്ല. അത് ഇവിടെ ഒരുക്കാവുന്നതേയുള്ളൂ.

നിർഭാഗ്യമെന്നു പറയട്ടേ, കഴിഞ്ഞ നാല് വർഷമായി ഇവിടെ കിടത്തി ചികിത്സ ഇല്ല. ഉണ്ടായിരുന്ന വാർഡുകൾ പൊളിച്ചു കളഞ്ഞു. ഡോക്ടറുടെ സേവനം 3 മണി വരയേ ഉള്ളൂ. അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിച്ചിരുന്ന ഈ ആശുപത്രി ഇപ്പോൾ ഡിസ്പെൻസറിയുടെ നിലവാരത്തിലേക്ക് താഴ്ന്നു. ഇതിനെതിരെ കുറിച്ചിയിലെ ജനങ്ങൾ ജനകീയ കൂട്ടായ്മ ഉണ്ടാക്കി സമരത്തിലാണ്.

സചിവോത്തമപുരം സാമൂഹ്യ ആര്യോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട വിഷയം സ്പെഷ്യൽ കേസായി പരിഗണിച്ചു ആശുപത്രിയെ പഴയപടി സംരക്ഷിച്ചു നിലനിർത്താൻ സർക്കാർ തയ്യാറാകണം. സചിവോത്തമപുരം സാമൂഹ്യ ആര്യോഗ്യകേന്ദ്രത്തിൻ്റെ ചരിത്രവും സവിശേഷതകളും സാമൂഹ്യപ്രസക്തിയും പരിഗണിച്ചു ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു ആശുപത്രിയെ സംരക്ഷിക്കണമെന്ന് ഞാൻ കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
സർ.സി.പി. രാമസ്വാമി അയ്യർ, അയ്യൻകാളി, കേശവൻ ശാസ്ത്രി, ആനന്ദൻ ഐസക്ക് തുടങ്ങി ആരുടെയെങ്കിലും പേര് ഈ ആശുപത്രിക്കു നൽകി നവോത്ഥാന ചരിത്രത്തിൻ്റെ തിരുശേഷിപ്പിനെ സംരക്ഷിക്കേണ്ടതുണ്ട്. ഈ കാര്യം നടപ്പിലാക്കുന്നതിന് മുൻകൈ എടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കുറിച്ചി പഞ്ചായത്തിനോടും ബ്ലോക്ക് പഞ്ചായത്തിനോടും അഭ്യർത്ഥിക്കുന്നു. അവർ ഈ കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നാണ് എൻ്റെ വിശ്വാസം.

വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ജീവിതം തന്നേ ദു:സ്സഹമായ ഒരു സമൂഹമാണ് ഈ പ്രദേശത്തുള്ളത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ ചിലവ് സാധാരണക്കാരന് താങ്ങാൻ കഴിയില്ല. മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് ജനാധിപത്യപരമായ നിലപാടുകൾ സ്വീകരിക്കുക എന്നത് ഓരോ പൗരൻ്റയും കടമയാണ്. ഉത്തരവാദിത്വമുള്ള പൗരസമൂഹമായി നാം മാറണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.