ശമ്പള പരിഷ്‌കരണം മൂന്നു വർഷമായിട്ടും നടപ്പാക്കാതെ പുതിയ ഷോപ്പുകൾ ആരംഭിക്കുന്നു; ജൂലായ് 20 മുതൽ അനിശ്ചിത കാല സമരത്തിനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ; മദ്യ വിതരണം കേരളത്തിൽ മുടങ്ങിയേക്കും

തിരുവനന്തപുരം: മൂന്നു വർഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതും, മതിയായ ജീവനക്കാരില്ലാതെ കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകൾ സൂപ്പർ മാർക്കറ്റാക്കുന്നതിലും പ്രതിഷേധിച്ച് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരുടെ സംഘടനയുടെ നേതൃത്വത്തിൽ ജൂലായ് 20 മുതൽ അനിശ്ചിത കാല സമരം ആരംഭിക്കുന്നു. ബിവറേജസ് കോർപ്പറേഷൻ ഐഎൻടിയുസി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് മൂന്നു വർഷം മുൻപ് നടപ്പാക്കിയ ശമ്പള പരിഷ്‌കരണം ഏറ്റവും കൂടുതൽ വരുമാനമുള്ള ബിവറേജസ് കോർപ്പറേഷനിൽ നടപ്പാക്കിയില്ലെന്നാരോപിച്ചാണ് സമരത്തിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

Advertisements

ധൃതി പിടിച്ച് പഞ്ചിംങ് നടപ്പാക്കിയതിനെതിരെയും ബില്ലിങ് ക്യാൻസലേഷൻ നിർത്തിയതിനെതിരെയും സംഘടന പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഓവർടൈം വേജസും ഒഴിവുദിന അധികവേതനവും നടപ്പാക്കാനുള്ള ഹൈക്കോടതി വിധി പ്രാബല്യത്തിലാക്കുക, രാഷ്ട്രീയ പ്രേരിതവും അന്യായവുമായ സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന്റെ ഭാഗമായി അനിശ്ചിത കാല സമരം നടത്തുമെന്നും കോ ഓർഡിനേഷൻ കമ്മിറ്റി വർക്കിംങ് ചെയർമാൻ സബീഷ് കുന്നങ്ങോടത്ത് അറിയിച്ചു. യോഗത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ആറ്റിംങൽ അജിത്ത് അധ്യക്ഷത വഹിക്കും. ജനറൽ കൺവീനർ ബാബു ജോർജ്, സബീഷ് കുന്നങ്ങോത്ത്, കുരീപ്പുഴ വിജയൻ, എ.ജേക്കബ്, എ.പി ജോൺ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles