കോട്ടയം : സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലം ഡയറ്റിലെ ജീവനക്കാർക്ക് ഏപ്രിൽ 1 മുതലുള്ള ശമ്പളം നാളിതുവരെ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ഡയറ്റിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗകണക്കുകൾ നൽകുന്നതിൽ സർക്കാർ വരുത്തിയ വീഴ്ചയാണ് ശമ്പളം മുടങ്ങുവാൻ കാരണമെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി . കേന്ദ്ര സർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവും നൽകിയാണ് സംസ്ഥാനത്തെ 14 ഡയറ്റുകളും പ്രവർത്തിക്കുന്നത്. നിലവിൽ ശമ്പളം മാറുന്ന കണക്ക് ശീർഷകം സർക്കാർ മരവിപ്പിച്ചിരിക്കുകയാണ്. പാർടൈം ജീവനക്കാർ മുതലുള്ള മുന്നൂറോളം ജീവനക്കാരുടെ ശമ്പളം നൽകുന്നതിനുള്ള അടിയന്തര നടപടി സർക്കാർ കൈക്കൊള്ളണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പല ജീവനക്കാരുടെയും വായ്പാ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. സ്കൂൾ തുറക്കും മുമ്പുള്ള അധിക ചെലവുകളും കണ്ടെത്താൻ ജീവനക്കാർ ബുദ്ധിമുട്ടുകയാണെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത രഞ്ജു കെ മാത്യു പറഞ്ഞു. സോജോ തോമസ് , ജെ ജോബിൻസൺ , ജോഷി മാത്യു , സ്മിത രവി, സിജിൻ മാത്യു , സജിമോൻ സി ഏബ്രഹാം , ജയകുമാർ കെ എസ് , ഈപ്പൻ ഏബ്രഹാം , ജയശ്രീ കെ ജി എന്നിവർ പ്രസംഗിച്ചു.