വയനാട്: സർക്കാർ വിഹിതം കിട്ടാതായതോടെ പൂക്കോട് വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ശമ്പള വിതരണം മുടങ്ങി. 1250 ജീവനക്കാർക്കാണ് മാർച്ച് പത്ത് കഴിഞ്ഞിട്ടും ശമ്പളം കിട്ടാത്തത്. അധ്യാപകരും അനധ്യാപകരും ഫാം തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്ക് ശമ്പളം കിട്ടാനുണ്ട്. ശമ്പളം ഇടയ്ക്ക് രണ്ടോ മൂന്നോ നാൾ വൈകാറുണ്ട്. ആദ്യം അങ്ങനെയാണ് കരുതിയത്.
പക്ഷേ, പത്ത് നാൾ കഴിഞ്ഞിട്ടും ശമ്പളം ആർക്കും വീണില്ല. സർക്കാർ നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി വെറ്റിനറി സർവകലാശാലയേയും കാര്യമായി ബാധിക്കുമോ എന്നാണ് ആശങ്ക. 95 കോടി രൂപ വർഷം തോറും ശമ്പളം, സർവകലാശാലയുടെ മറ്റു ചെലവുകൾ എന്നിവയ്ക്കായി ബജറ്റിൽ അനുവദിക്കും. മാസം തോറുമാണ് വിഹിതം നൽകുക. ഇത്തവണ കിട്ടാനുള്ള 7.86 കോടി രൂപയാണ് നൽകാത്തത്. സർവകലാശാലയിലും മറ്റ് ഏഴ് കേന്ദ്രങ്ങളിലുമായി 9.7 കോടി രൂപ വേണം ശമ്പളം നൽകാൻ. മറ്റു സർവകലാശാലകളെ പോലെ അഫ്ലിയേറ്റഡ് കോളേജുകൾ ഇല്ലാത്തതിനാൽ വരുമാനം കുറവാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇറച്ചിക്കോഴി, കോഴിമുട, തുടങ്ങിയ ഉത്പന്നങ്ങൾ വിറ്റുള്ള തുകയും, വിദ്യാർത്ഥികളുടെ വാർഷിക ഫീസുമാണ് പ്രധാന വരുമാന മാർഗം. ഒന്നര മുതൽ രണ്ട് കോടി രൂപവരെയാണ് ഫാമുകളിൽ നിന്നും മറ്റുമായി കിട്ടും. ഫാം ഉത്പന്നങ്ങൾക്ക് പ്രതീക്ഷിച്ച വരുമാനമില്ലാത്തതിൽ, കുറച്ച് വർഷമായി വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. സർക്കാർ സഹായം തന്നെയാണ് ഏക ആശ്രയം.