സച്ചിനോട് ഉടക്കി : സഞ്ജുവിനൊപ്പം ടീമിൽ നിന്ന് പുറത്തേയ്ക്ക് : ഇന്ന് രക്ഷകനായ സൽമാൻ അന്ന് കെ സി എയുടെ വാൾ മുനയിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

മുംബൈ : പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലെ രഞ്ജി ക്വാർട്ടർ മത്സരത്തില്‍ കേരളത്തെ ജമ്മു ബൗളർമാർ വിറപ്പിച്ചുകൊണ്ടിരിക്കുമ്ബോഴും തെല്ലും പതറാതെ പോരാടുന്നുണ്ടായിരുന്നു സല്‍മാൻ നിസാർ എന്ന തലശ്ശേരിക്കാരൻ.സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനത്തോടെ കേരളത്തെ സെമിയിലെത്തിച്ചാണ് സല്‍മാൻ മടങ്ങിയത്. മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലും പുറത്താവാതെ നിന്ന ഒറ്റയാള്‍ പോരാട്ടം. എന്നാല്‍ പുണെയിലെ ഈ ജീവന്മരണപോരാട്ടത്തിനും അഞ്ച് വർഷം മുമ്ബ് ടീമില്‍ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയിലായിരുന്നു സല്‍മാൻ. അവിടെ നിന്നാണ് സല്‍മാൻ കേരളത്തിന്റെ സൂപ്പർമാനായി മാറുന്നത്.

Advertisements

2018-ല്‍ അന്നത്തെ കേരള ക്യാപ്റ്റൻ സച്ചിൻ ബേബിയോടുള്ള എതിർപ്പായിരുന്നു ഇതിന്റെ കാരണം. സച്ചിന്റെ നേതൃത്വത്തോടുള്ള വിയോജിപ്പ് മൂലം സല്‍മാനടക്കം 13 താരങ്ങള്‍ കേരള ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതി. എന്നാല്‍ കെ.സി.എക്ക് ഈ നീക്കം ഇഷ്ടപ്പെട്ടില്ല. അഞ്ച് താരങ്ങളെ മൂന്ന് മത്സരങ്ങളില്‍ നിന്ന് സസ്പെൻഡ് ചെയ്തു.എട്ട് താരങ്ങള്‍ക്ക് മാച്ച്‌ഫീസിന്റെ മുഴുവൻ തുകയും പിഴയായി ചുമത്തി. സഞ്ജു സാംസണും സല്‍മാനും ഈ പിഴ ശിക്ഷ നേരിടേണ്ടതായി വന്നു. അന്ന് ടീമിലെ സ്ഥാനത്തിന് തന്നെ ഭീഷണി നേരിട്ടിരുന്നു സല്‍മാൻ. പിന്നീട് മികച്ച പ്രകടനത്തോടെ ടീമിലെ സ്ഥിരസാന്നിധ്യമായി ഈ തലശ്ശേരിക്കാരൻ മാറുകയായിരുന്നു.അതിന്റെ തുടർച്ചയാണ് പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യ ഇന്നിങ്സില്‍ പതിനൊന്നാമൻ ബേസില്‍ തമ്ബിയെയും കൂട്ടുപിടിച്ച്‌ നേടിയ ഒരു റണ്‍ ലീഡ്, രണ്ടാം ഇന്നിങ്സില്‍ അസ്സറൂദ്ദീനുമൊപ്പം നടത്തിയ രക്ഷാപ്രവർത്തനം. ഇതില്ലായിരുന്നെങ്കില്‍ കേരളം പുറത്താവുമായിരുന്നു. സല്‍മാൻ കേരളത്തിന്റെ ഹീറോയാകുന്ന കാഴ്ച.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജമ്മുവിനെതിരേ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്ബോള്‍ ഒമ്ബത് വിക്കറ്റ് നഷ്ടമായ കേരളത്തിനായി ക്രീസിലുണ്ടായിരുന്നത് 75 പന്തില്‍ 49 റണ്‍സെടുത്ത് നില്‍ക്കുന്ന ഓള്‍റൗണ്ടർ സല്‍മാൻ നിസാർ. അവശേഷിക്കുന്ന മറ്റൊരു താരം ബൗളറായ ബേസില്‍ തമ്ബിയും. ലീഡ് നേടണമെങ്കില്‍ 81 റണ്‍സ് വേണം കൈയിലാണെങ്കില്‍ ഒരേയൊരു വിക്കറ്റും. കശ്മീര് കേരളത്തിനെതിരെ ലീഡ് നേടുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ, സല്‍മാൻ നിസാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ബേസില്‍ തമ്ബിയെ കൂട്ടുപിടിച്ച്‌ കേരളത്തിന് ഒരു റണ്ണിന്റെ നിർണായക ലീഡ് സല്‍മാൻ സമ്മാനിച്ചു. ഒപ്പം സെഞ്ചുറിയും പൂർത്തിയാക്കി. അവിശ്വസനീയമായ ഈ കൂട്ടുകെട്ടില്‍ ഇരുവരും കശ്മീരിന്റെ ശക്തമായ ബൗളിങ്ങിനെ അതിജീവിച്ച്‌ അടിച്ചെടുത്തത് 81 റണ്‍സാണ്. ഇതില്‍ 15 റണ്‍സ് ബേസിലിന്റെ വകയായിരുന്നു.

ഈ ഒരു റണ്‍ ലീഡാണ് കേരളത്തിന്റെ സെമി പ്രവേശനത്തില്‍ നിർണായകമായത്. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡ് നേടിയ കേരളം സെമിയിലെത്തി. രണ്ടാം ഇന്നിങ്സിലും സമാനമായിരുന്നു സല്‍മാന്റെ പ്രകടനം. അവസാനദിനം ജമ്മു ബൗളർമാർ മികച്ചുനിന്നപ്പോള്‍ കേരളം 180-6 എന്ന നിലയിലേക്ക് വീണു. അതോടെ ടീം ശരിക്കും പ്രതിസന്ധിയിലായി. നാല് വിക്കറ്റുകള്‍ മാത്രം വീഴ്ത്തിയാല്‍ ജമ്മുവിന് സെമിയിലെത്താമെന്നുള്ള സ്ഥിതി. കേരളം പുറത്താവും. എന്നാല്‍ ഏഴാം വിക്കറ്റില്‍ മുഹമ്മദ് അസ്സറുദ്ദീനും സല്‍മാനും ക്രീസില്‍ നിലയുറപ്പിച്ചുനിന്നു. ജമ്മു പുറത്തെടുത്ത ഒരു തന്ത്രത്തിനും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. അഞ്ചാം ദിനം കളിയവസാനിക്കുന്നതുവരെ അപരാജിതരായിരുന്നു ഇരുവരും. അസറുദ്ദീൻ 67 റണ്‍സും സല്‍മാൻ 44 റണ്‍സുമെടുത്തു. ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തില്‍ സെമിയിലേക്ക്.

ഈ സീസണില്‍ ഇതാദ്യമായല്ല സല്‍മാൻ കേരളത്തിന്റെ രക്ഷകനാകുന്നത്. ബിഹാറിനെതിരായ അവസാന ലീഗ് മത്സരത്തിലും സല്‍മാൻ കേരളത്തെ കൈപിടിച്ചുയർത്തിയിരുന്നു. അന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ കേരളത്തിന് ഒന്നാം ഇന്നിങ്സില്‍ കൂറ്റൻ സ്കോറാണ് സല്‍മാൻ സമ്മാനിച്ചത്. ഒമ്ബതാമനായി എത്തിയ എം.ഡി നിധീഷിനേയും പത്താമനായി ഇറങ്ങിയ വൈശാഖ് ചന്ദ്രനേയും ചേർത്തുനിർത്തി സല്‍മാൻ കളിച്ചപ്പോള്‍ കേരളം നേടിയത് 351 എന്ന കൂറ്റൻ സ്കോറാണ്. ഇതില്‍ 150 റണ്‍സും പിറന്നത് സല്‍മാന്റെ ബാറ്റില്‍ നിന്നാണ്. രഞ്ജി ട്രോഫിയില്‍ സല്‍മാന്റെ ആദ്യ സെഞ്ചുറിയായിരുന്നു അത്.

ബിഹാറിനെതിരെ ആറാമനായി സല്‍മാൻ ക്രീസിലെത്തുമ്ബോള്‍ കേരളം അഞ്ച് വിക്കറ്റിന് 170 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് 32 റണ്‍സെടുക്കുന്നതിനിടയില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി. എന്നാല്‍ തകർച്ചയില്‍ തളരാതെ ഒമ്ബതാം വിക്കറ്റില്‍ നിധീഷിനെ കൂട്ടുപിടിച്ച്‌ 79 റണ്‍സ് ചേർത്തു. അവസാന വിക്കറ്റില്‍ വൈശാഖ് ചന്ദ്രനൊപ്പം 70 റണ്‍സും നേടി. ബംഗാളിനെതിരായ മത്സരത്തിലും ഇടംകൈയ്യൻ ബാറ്റർ നിരാശനാക്കിയില്ല. ഏഴാമനായി ക്രീസിലെത്തിയ സല്‍മാൻ പുറത്താകാതെ 95 റണ്‍സാണ് നേടിയത്. അന്ന് കേരളത്തിന് രണ്ട് പോയിന്റ് സമ്മാനിച്ചതും ഈ ഇന്നിങ്സാണ്. അതിനുശേഷം തുമ്ബയില്‍ നടന്ന മത്സരത്തില്‍ ഉത്തർപ്രദേശിനെതിരേയും സല്‍മാന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അന്ന് ഉത്തർ പ്രദേശിനെതിരെ കേരളം ലീഡ് നേടിയപ്പോള്‍ 93 റണ്‍സെടുത്തു. പുറത്തായത് പത്താം വിക്കറ്റായും.

19-ാം വയസില്‍ രഞ്ജി ടീമിലെത്തിയ തലശ്ശേരിക്കാരനായ സല്‍മാന്റെ കരിയർ രൂപപ്പെടുത്തിയത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൊച്ചിയിലെ ക്രിക്കറ്റ് അക്കാദമിയാണ്. 2015-ല്‍ കണ്ണൂരില്‍ നടന്ന രഞ്ജി ട്രോഫിയില്‍ അസമിനെതിരെയാണ് കേരളത്തിനായി അരങ്ങേറിയത്. 2019-ല്‍ രഞ്ജി സെമി ഫൈനലിലെത്തി ചരിത്രമെഴുതിയ കേരള ടീമിലും നിസാർ അംഗമായിരുന്നു. കേരള പ്രീമിയർ ലീഗിലെ മികച്ച പ്രകടനവും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കെതിരെ പുറത്തെടുത്ത ബാറ്റിങ്ങും സല്‍മാനെ കേരള ടീമിലെ സ്ഥിര സാന്നിധ്യമാക്കി മാറ്റി. അന്ന് മുംബൈയ്ക്കെതിരെ 99 റണ്‍സുമായി സല്‍മാൻ പുറത്താകാതെ നിന്നു. ശ്രേയസ് അയ്യർ നയിച്ച മുംബൈയെ കേരളം അട്ടിമറിക്കുകയും ചെയ്തു. ഡിസംബറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തെ നയിച്ചതും സല്‍മാൻ ആയിരുന്നു. പക്ഷേ ഐപിഎല്‍ എന്ന സ്വപ്നം ഇപ്പോഴും അകലെയാണ്. ജിദ്ദയില്‍ നടന്ന താരലേലത്തില്‍ സല്‍മാൻ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഓള്‍റൗണ്ടറെ ടീമുകളാരും വിളിച്ചെടുത്തില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.