കടുത്തുരുത്തി: സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ പേരിൽ രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറുമ്പോൾ സംവരണ സമുദായങ്ങളിലെ അഭ്യസ്ഥവിദ്യരുടെ ഭരണഘടനാപരമായ അവകാശം നിഷേധിക്കുകയാണെന്നും വിറ്റഴിക്കപ്പെടുന്ന സ്വകാര്യ മേഖലയിൽ സംവരണം വ്യവസ്ഥ ചെയ്യണമെന്നും സാംബവ മഹാസഭയുടെ യുവജന വിഭാഗമായ സാംബവ യൂത്ത് മൂവ്മെൻ്റ് സംസ്ഥാന കൺവൻഷൻ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ജാതി സാമൂഹിക സാമ്പത്തിക സർവ്വേ നടത്തണമെന്നും കൺവൻഷൻ അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സ്വാഗത സംഘം ചെയർമാൻ സി.കെ. ശശിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ മോൻസ് ജോസഫ് എം.എൽ.എ. ഉത്ഘാടനം ചെയ്തു.മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി ചടങ്ങിന് സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി.കെ.ശങ്കർദാസ് മുഖ്യപ്രഭാഷണം നടത്തി. പിന്നോക്ക സമുദായവികസന കോർപ്പറേഷൻ മുൻ എം.ഡി. വി. ആർ. ജോഷി ക്ലാസ്സെടുത്തു. ഇ.എസ്. ഭാസ്ക്കരൻ, വി.കെ. പത്മനാഭൻ, ആർ.വിജയകുമാരി, ബിന്ദുസുരേഷ്, ഒ.കെ. ബാബു കെ.സ്വാം, കെ.എസ്.മിനി, കൗസല്യ വിജയൻ, കെ.എം. കൗസല്യ,ഉദയൻ കരിപ്പാലിൽ, കെ.സി.ആർ. തമ്പി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ. അനീഷ് കുമാർ കാരയ്ക്കാട് (പ്രസിഡൻ്റ്) ആദർശ പി.എസ്. (വൈസ് പ്രസിഡൻ്റ്) രഞ്ജിത്ത് പി.എസ്. (ജനറൽ സെക്രട്ടറി) വിനേഷ് പി.വി. (ജോയിൻ്റ് സെക്രട്ടറി) ദിനീഷ് കുമാർ (ട്രഷറാർ) എന്നിവരെ തെരഞ്ഞെടുത്തു.