പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന്‍റെ പത്രിക തള്ളി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് നിര്‍മ്മാതാവ് സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക തള്ളി. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചിരുന്നത്. ചുരുങ്ങിയത് 3 സിനിമകൾ എങ്കിലും നിർമ്മിച്ചാല്‍ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് ഒരു അംഗത്തിന് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. സാന്ദ്ര തോമസ് രണ്ട് സിനിമകള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂവെന്ന വരണാധികാരിയുടെ പ്രതികരണത്തോട് അത് അങ്ങനെയല്ലെന്ന് സ്ഥാപിക്കാന്‍ സാന്ദ്ര ശ്രമിച്ചതോടെ പത്രികകളുടെ സൂക്ഷ്മപരിശോധനാ വേദി വാക്പോരിന്‍റേത് കൂടിയായി. 

Advertisements

സാന്ദ്ര തോമസിന്‍റെ ഉടമസ്ഥതയില്‍ നിലവിലുള്ള നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് രണ്ട് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ എന്നായിരുന്നു വരണാധികാരിയുടെ കണ്ടെത്തല്‍. ലിറ്റിൽ ഹാർട്സ്, നല്ല നിലാവുള്ള രാത്രി എന്നിവയാണ് ആ ചിത്രങ്ങള്‍. എന്നാല്‍ മറ്റൊരു കമ്പനിയുടെ മാനേജിംഗ് പാര്‍ട്നര്‍ താനായിരുന്നുവെന്നും ആ ബാനറില്‍ എടുത്ത ചിത്രങ്ങള്‍ തന്‍റെ പേരിലാണ് സെന്‍സര്‍ ചെയ്തിരിക്കുന്നതെന്നും സാന്ദ്ര വാദിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ് ബാബുവുമായി ചേര്‍ന്ന് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ കാര്യമാണ് സാന്ദ്ര സൂചിപ്പിച്ചത്. ഒരു സ്ഥിരം അംഗത്തിന് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ മത്സരത്തിന് യോഗ്യതയുണ്ടെന്നാണ് സംഘടനാ നിയമാവലിയില്‍ പറയുന്നതെന്നും ഒന്‍പത് സിനിമകള്‍ തന്‍റെ പേരില്‍ സെന്‍സര്‍ ചെയ്തിട്ടുണ്ടെന്നും സാന്ദ്ര തോമസ് വാദിച്ചു.

എന്നാല്‍ ഒരു സിനിമ നിര്‍മ്മിച്ചാല്‍ മാത്രം മത്സരിക്കാവുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്രയ്ക്ക് മത്സരിക്കാമെന്നും വരണാധികാരി പറഞ്ഞു. അതേസമയം താന്‍ കോടതിയിലേക്ക് പോകുമെന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം. സുരേഷ് കുമാറും സിയാദ് കോക്കറുമൊക്കെ നടത്തുന്നത് ഗുണ്ടായിസമാണെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സ്ഥലത്ത് സാന്ദ്ര തോമസും സുരേഷ് കുമാറും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായി.

Hot Topics

Related Articles