ദില്ലി: അയോധ്യയിലേത് ആചാര ലംഘനമെന്ന ശങ്കരാചാര്യന്മാരുടെ വിമർശനത്തെ അവഗണിക്കാൻ ബിജെപി. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. വ്രതമെടുത്ത് മോദി ചടങ്ങിൽ പങ്കെടുക്കുന്നത് ആചാര്യന്മാരുടെ നിർദ്ദേശപ്രകാരമെന്നും നേതാക്കൾ
വ്യക്തമാക്കുന്നു. മറുവശത്ത്, ആചാരലംഘനമെന്ന ആക്ഷേപം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ത്യ സഖ്യത്തിലെ മുഴുവൻ കക്ഷികളും ചടങ്ങ് ബഹിഷ്ക്കരിക്കാനും ധാരണയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തുവന്നിരുന്നു. ക്ഷേത്രം പൂർത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യരും വ്യക്തമാക്കുകയായിരുന്നു. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്.
അതേസമയം, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന നിലപാടിൽ വിശദീകരണവുമായി കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാത്രമാണ് വിട്ടു നിൽക്കുന്നതെന്നും ആർക്കും നിയന്ത്രണങ്ങളില്ലെന്നും കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ഒഴികെ ഏത് ദിവസവും സന്ദർശിക്കാമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ യു പി ഘടകം മകരസംക്രാന്തി ദിനമായ 15ന് ക്ഷേത്രം സന്ദർശിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അറിയിച്ചു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ആദരവോടെ നിരസിക്കുന്നുവെന്നാണ് നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചത്.
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ആദ്യഘട്ടത്തിൽ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെയിരുന്നുവെങ്കിലും ‘ഇന്ത്യ’ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു.
തുടർന്നാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ അഭിപ്രായം പറയുന്നത്. അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആർഎസ്എസും ബിജെപിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു. നിർമാണം പൂർത്തിയാക്കും മുൻപുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീംകോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് തീരുമാനമെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.