കൊടുമൺ : പ്ലാന്റേഷൻ മേഖല കൂടി ശബരി വിമാനത്താവളത്തിനായി സാമൂഹിക ആഘാത പഠനം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുകൂല വിധി വന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പത്തനംതിട്ട കൊടുമൺ ശബരി എയർപോർട്ട് കമ്മിറ്റി കൊടുമൺ ജംക്ഷനിൽ ചിരാഗ് തെളിച്ചു. ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ പ്ലാന്റേഷൻ മേഖലയിലെ സർക്കാർ റവന്യു പുറമ്പോക്ക് ഭൂമിയിൽ ശബരി വിമാനത്താവളം വരുമെന്ന പ്രതീക്ഷയിലാണ് പൊതുജനം. പരിസ്ഥിതി, വന്യ ജീവി, കുടിയൊഴിപ്പിക്കൽ, നിയമപ്രശ്നങ്ങളും നിലനിൽക്കുന്ന ഭൂമിയിൽ സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും അവിടെ മലനിരകൾ ഇടിച്ചു നിരത്തി പദ്ധതി ആരംഭിച്ചാൽ വയനാട് പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കപ്പെടുമെന്നും ഇത്തരത്തിലുള്ള യാതൊരു പ്രശ്നങ്ങളുമില്ലാത്ത പ്ലാന്റേഷൻ ഭൂമിയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ യോഗങ്ങൾ നടത്താനും കമ്മിറ്റി തീരുമാനിച്ചു. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ.ബി. ജഗദീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് പദ്ധതി വിശദീകരണം നടത്തി.പഞ്ചായത്തംഗങ്ങളായ എ.വിജയൻ നായർ, എ.ജി. ശ്രീകുമാർ, അജികുമാർ രണ്ടാംകുറ്റി, വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തും കരോട്ട്, ട്രഷറർ ആർ. പത്മകുമാർ, സുരേഷ് കുഴിവേലി, ടി. തുളസീധരൻ, സച്ചു രാധാകൃഷ്ണൻ , രാജൻ സുലൈമാൻ, വിനോദ് വാസുക്കുറുപ്പ് , വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജി. അനിൽകുമാർ, റോയി വർഗീസ്, സുനിൽ കുമാർ, ജോർജ് ടി. ജോസ്, ജെയിംസ് ജോർജ് പെരുമല, സുനിൽ ജോർജ്, ബിജു ജോർജ്, എ. ശിവരാമൻ, ഉണ്ണി സാമുവൽ, പി. രാജശ്രീ, സന്തോഷ് കുമാർ, എ.ജി. മാത്യൂസ്, വിനോദ് അങ്ങാടിക്കൽ, കെ. സുന്ദരേശൻ അങ്ങാടിക്കൽ, കെ.പി. മോഹനൻ എന്നിവർ പ്രസംഗിച്ചു.