പത്തനംതിട്ട: ശബരിമല ശ്രീകോവിലിൽ ചോർച്ച. സ്വർണം പൂശിയ ശ്രീകോവിലിലാണ് ചോർച്ചയുണ്ടായിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത മാസം അഞ്ചിന് മേൽക്കൂരയിലെ പാളികൾ ഇളക്കി പരിശോധിക്കുന്നതിനായി തീരുമാനമായിട്ടുണ്ട്. ക്ഷേത്രം ശ്രീകോവിലിലെ വടക്കുകിഴക്ക് ഭാഗത്താണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. കഴുക്കോലിലൂടെ ദ്വാരപാലക വിഗ്രഹങ്ങളിലാണ് ഇപ്പോൾ വെള്ളം വീഴുന്നത്.
കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണിന്റെ അവസാന കാലത്താണ് ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. മുൻ എക്‌സിക്യൂട്ടീവ് ഓഫിസർ വിഷയം കണ്ടെത്തുകയും ഉടൻ തന്നെ ദേവസ്വം ബോർഡ് അധികൃതരെയും വിവരം അറിയിച്ചു. തുടർന്നു, വിവരം ദേവസ്വം ബോർഡ് തന്ത്രി കുടുംബത്തെ അറിയിച്ചു. ഇതേ തുടർന്ന് തന്ത്രികുടുംബം ദേവഹിതം തേടുകയായിരുന്നു. തുടർന്നു, പണിയാനുള്ള അനുജ്ഞ നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം ക്ഷേത്രത്തിലെ സ്വർണപ്പാളികൾ സ്‌പോൺസർഷിപ്പിലൂടെ അറ്റകുറ്റപണി നടത്തുന്നതിനായിരുന്നു നീക്കം. എന്നാൽ, ഇത് വേണ്ടെന്നും ദേവസ്വം ബോർഡ് നേരിട്ട് അറ്റകുറ്റപണികൾ നടത്താമെന്നും തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തത്. തന്ത്രിയുടെയും തിരുവാഭരണം കമ്മിഷണറുടെയും സാന്നിധ്യത്തിൽ സ്വർണപാളികൾ ഇളക്കി പരിശോധന നടത്തും. തുടർന്ന്, ഒറ്റ ദിവസം കൊണ്ടു തന്നെ വിഷയം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.