ദില്ലി: നരേന്ദ്ര കീഴടങ്ങൂ പരാമർശവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നിലപാട് തള്ളി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ശശി തരൂർ. അമേരിക്കൻ പ്രസിഡൻ്റിനോട് എന്നും ബഹുമാനം മാത്രമേയുള്ളൂവെന്ന് പറഞ്ഞ ശശി തരൂർ, ഇന്ത്യ – പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ രാജ്യം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതികകരിച്ചു. ട്രംപിൻ്റെ മധ്യസ്ഥതയിലാണ് വെടിനിർത്തലുണ്ടായതെന്നും മോദിയെ വിളിച്ച് നരേന്ദ്രാ കീഴടങ്ങൂവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് തരൂരിന്‍റെ പ്രതികരണം. 33 രാജ്യങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കുന്നതിന്‍റെ ഭാഗമായി സന്ദര്‍ശനം നടത്തുന്ന പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കാണും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച നടക്കും എന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രതിനിധി സംഘങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. പാകിസ്ഥാൻ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് തുറന്നുകാട്ടുക, പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനകളെ ലക്ഷ്യം വച്ചുള്ള ഇന്ത്യയുടെ തന്ത്രപരമായ ഭീകരവിരുദ്ധ ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ യുക്തി വിശദീകരിക്കുക എന്നിവയായിരുന്നു 59 അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധി സംഘത്തിന്‍റെ ചുമതല.
ഓപ്പറേഷൻ സിന്ദൂർ എന്ന് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരായ സൈനിക നീക്കത്തിന് പേരിട്ടതിനെ കുറിച്ചും ശശി തരൂർ പ്രതികരിച്ചു. ‘സിന്ദൂരം ഇന്ത്യയുടെ പാരമ്പര്യത്തിന്‍റെ ഭാഗമാണ്. വിവാഹിതരായ സ്ത്രീകളുടെ നെറ്റിയുടെ മധ്യഭാഗത്തായാണ് ഇത് പുരട്ടുന്നത്. ഹിന്ദുവിഭാഗത്തില്‍ നിന്നല്ലാത്ത സ്ത്രീകളും സിന്ദൂരം ഉപയോഗിക്കാറുണ്ട്.
കല്ല്യാണത്തിന് ആരംഭിക്കുന്ന സിന്ദൂരമിടല്‍ കല്ല്യാണം കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ തുടരുന്നു. പഹല്‍ഗാമില്‍ തീവ്രവാദികള്‍ ചെയ്തത് ഭാര്യമാരുടെയും കുട്ടികളുടെയും മുന്നിൽ പുരുഷന്മാരെ വെടിവച്ചുകൊല്ലുകയും സ്ത്രീകളെ വെറുതെ വിടുകയുമാണ്. എന്നെയും കൊല്ലൂ എന്ന് ഒരു സ്ത്രീ നിലവിളിച്ചപ്പോൾ, ഇല്ല, നീ തിരിച്ചു പോയി ഞങ്ങൾ എന്താണ് ചെയ്തതെന്ന് അവരോട് പറയൂ എന്നായിരുന്നു തീവ്രവാദികളുടെ ഉത്തരം’ എന്നും ശശി തരൂര്‍ പറഞ്ഞു.