തിരുവനന്തപുരം: അനിൽ ആന്റണി അച്ഛൻ എ കെ ആന്റണിയോട് മര്യാദയും സ്നേഹവും കാണിക്കണമെന്ന് തിരുവനന്തപുരത്തെ നിലവിലെ എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ശശി തരൂർ. അച്ഛന്റെ ദുഃഖം അനിൽ മനസിലാക്കണം. അനിൽ തീവ്ര ബിജെപി നയങ്ങൾ പറയുന്നത് കേൾക്കുമ്പോൾ ദുഃഖമുണ്ട്. താൻ മകനെ പോലെ കണ്ട് പ്രോത്സാഹിപ്പിച്ച നേതാവാണ് അനിൽ ആന്റണി. പത്തനംതിട്ടയിലെ തോൽവി അനിലിനെ പല പാഠങ്ങളും പഠിപ്പിക്കുമെന്നും ശശി തരൂർ പറഞ്ഞു.
എ കെ ആന്റണി പഠിപ്പിക്കാൻ ശ്രമിച്ച കാര്യങ്ങള്‍ ഇത്ര വേഗത്തിൽ അനിൽ മറന്നുപോയി. അനിൽ ഉപയോഗിച്ച ഭാഷ കോണ്‍ഗ്രസിൽ ഉപയോഗിക്കാറില്ല. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹമില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്ന് നേരത്തെ എ കെ ആന്റണി ‘നേതാവ് നിലപാട്’ പരിപാടിയിൽ പറഞ്ഞിരുന്നു. അംബേദ്കർ ഉണ്ടാക്കിയ ഭരണഘടന മാറ്റാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. ബിജെപിക്കുള്ള പിന്തുണ കുറയുകയാണ്. അതിന്റെ സൂചനകൾ നരേന്ദ്ര മോദിയുടെ ശരീരഭാഷയിൽ നിന്ന് മനസിലാക്കാം. മൂന്നാമതൊരിക്കൽ കൂടി ബിജെപിയുടെ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കും. ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എ കെ ആന്റണി പറഞ്ഞു.
മകൻ ജയിക്കാൻ പാടില്ലെന്നും പത്തനംതിട്ടയില്‍ കോൺഗ്രസ് ജയിക്കണമെന്നും തന്റെ മതം കോൺഗ്രസ്സാണെന്നും എ കെ ആന്റണി പറഞ്ഞിരുന്നു. കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിക്കൊപ്പം ചേരുന്നത് തെറ്റാണ്. കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തുടക്കം മുതൽ നിലപാട്. മക്കളെ പറ്റി അധികം പറയിപ്പിക്കരുത്. ആ ഭാഷ ശീലിച്ചിട്ടില്ല. താന്‍ പ്രചാരണത്തിന് പോകാതെ തന്നെ പത്തനംതിട്ടയിൽ ആന്റോ ആന്റണി, വൻ ഭൂരിപക്ഷത്തിൽ ജയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ആരോഗ്യ പ്രശ്നം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും അച്ഛനോട് സഹതാപം മാത്രമാണുള്ളതെന്നുമാണ് അനിൽ ആന്റണി മറുപടി പറഞ്ഞത്. പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും അനിൽ ആന്റണി പറഞ്ഞു.