കണ്ണൂർ: അയോധ്യ അനുകൂല പരാമര്‍ശത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന ഗായിക കെഎസ് ചിത്രയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബര്‍ ഇടത്തില്‍ നടക്കുന്നത് ഫാസിസമാണെന്നും വാര്‍ത്താ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അതേസമയം, ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുകയാണ്. അയോധ്യ പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നായിരുന്നു കെ.എസ്. ചിത്രയുടെ വീഡിയോ സന്ദേശം. ഇതിന് പിന്നാലെ ചിത്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
ചിത്രയെന്ന വിഗ്രഹവും ഉടഞ്ഞെന്നും ചരിത്രം മനസിലാക്കാതെയാണ് ഗായിക സംസാരിക്കുന്നതെന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇടത് പ്രൊഫൈലുകളില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ന്നു. ചിത്രയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ കടുത്തതോടെയാണ് ഗായകൻ ജി.വേണുഗോപാല്‍ ചിത്രയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്. വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ലെന്നും ഈ വിഷയത്തില്‍, ഭക്തി മാത്രമാണ് പ്രതിഫലിച്ചത് എന്നുമായിരുന്നു വേണുഗോപാലിന്റെ പോസ്റ്റ്. ഇത്രയും ഗാനങ്ങള്‍ പാടിത്തന്ന ചിത്ര പറഞ്ഞതിനോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഒരു പ്രാവശ്യം ക്ഷമിച്ചുകൂടെയെന്നും വേണുഗോപാല്‍ ചോദിച്ചു. പിന്നാലെയാണ്, അത്ര നിഷ്ങ്കളങ്കമായി കാര്യങ്ങള്‍ നിസ്സാരവത്കരിക്കരുതെന്ന മറുവിമര്‍ശനവുമായി വേണുഗോപാലിനെതിരെയും ചര്‍ച്ച മുറുകിയത്. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്ത നടി ശോഭനയ്ക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരിന്നു. ഇടത് സൈബര്‍ പ്രൊഫൈലുകള്‍ ഒന്നടങ്കം ശോഭനയ്ക്കെതിരെ രംഗത്ത് എത്തിയെങ്കിലും, ശോഭനയെ ബിജെപിയുടെ അറയിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ശോഭനയ്ക്കെതിരായ ചര്‍ച്ചകള്‍ കെട്ടടങ്ങും മുമ്പേയാണ് കെ.എസ്.ചിത്രയും വിമര്‍ശനങ്ങളില്‍ നിറയുന്നത്.